പെരുന്നാട്ടിൽ കടുവാ ഭീതി തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞു
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
പത്തനംതിട്ട: പെരുന്നാട് വളർത്തു മൃഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തിയത് കടുവ തന്നെയെന്ന് സ്ഥിരീകരണം. പ്രദേശത്ത് സ്ഥാപിച്ച കാമറകളിൽ കടുവയുടെ ചിത്രം പതിഞ്ഞു. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പറഞ്ഞു.
റാന്നി പെരുന്നാട്ടിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായ ദിവസങ്ങളിൽ കടുവ വളർത്തു മൃഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെയാണ് ജനങ്ങൾ ഭീതിയിലായത്. ഇതിന് പിന്നാലെ വനം വകുപ്പ് സ്ഥാപിച്ച കാമറയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. കടുവ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഇപ്പോൾ ഭയം കാരണം വീടിന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ് ജനങ്ങൾ.
പ്രദേശത്ത് കൂട് സ്ഥാപിച്ച് വേഗത്തിൽ കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരുമടങ്ങുന്ന പ്രാദേശിക സമിതി ഇന്ന് യോഗം ചേർന്ന് മാത്രമെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളൂ.
പ്രദേശത്താകെ ഭീതി നിൽക്കെ നാട്ടുകാരോട് കർശന ജാഗ്രത പുലർത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരിക്കുന്നത്. സ്ഥലത്ത് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും വേഗത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Adjust Story Font
16