Quantcast

ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്: എൻ.ഐ.എ പ്രത്യേക കോടതി ഇന്ന് രണ്ടാംഘട്ട വിധി പറയും

സംഭവം ആസൂത്രണം ചെയ്ത പോപുലർ ഫ്രണ്ട് നേതാവ് എം.കെ നാസർ, അധ്യാപകന്റെ കൈവെട്ടിയ സവാദ് ഉൾപ്പെടെ 11 പ്രതികൾക്കെതിരായ വിധിയാണ് കോടതി പുറപ്പെടുവിക്കുക

MediaOne Logo

Web Desk

  • Updated:

    2023-07-12 03:37:36.0

Published:

12 July 2023 1:30 AM GMT

ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്: എൻ.ഐ.എ പ്രത്യേക കോടതി ഇന്ന് രണ്ടാംഘട്ട വിധി പറയും
X

കൊച്ചി: ചോദ്യപേപ്പർ വിവാദത്തിന്റെ പേരിൽ തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി ഇന്ന് രണ്ടാംഘട്ട വിധി പറയും. സംഭവം ആസൂത്രണം ചെയ്ത പോപുലർ ഫ്രണ്ട് നേതാവ് എം.കെ നാസർ, അധ്യാപകന്റെ കൈവെട്ടിയ സവാദ് ഉൾപ്പെടെ 11 പ്രതികൾക്കെതിരായ വിധിയാണ് കോടതി പുറപ്പെടുവിക്കുക.

2010 മാർച്ച് 23 നാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടിജെ ജോസഫിനെ ആക്രമിക്കുന്നത്. സംഭവം നടന്ന് 12 വർഷങ്ങൾക്കുശേഷം കേസിൽ രണ്ടാം ഘട്ട വിചാരണ പൂർത്തിയായി. ടി ജെ ജോസഫിന്റെ കൈ വെട്ടിയ ശേഷം വർഷങ്ങളോളം ഒളിവിൽ താമസിച്ച പ്രതികളെ അറസ്റ്റ് ചെയ്താണ് വെവ്വേറെ കുറ്റപത്രം എൻ.ഐ.എ സമർപ്പിച്ചത്. ആദ്യ ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട് 37 പേരെ പ്രതി ചേർത്താണ് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ 11 പേർക്ക് ശിക്ഷ വിധിക്കുകയും, 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

മുഖ്യപ്രതി എം.കെ നാസർ, അധ്യാപകൻറെ കൈവെട്ടിയ സവാദ് എന്നിവർക്കുപുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, അയ്യൂബ് , മൊയ്തീൻ കുഞ്ഞ് എന്നിവരാണ് രണ്ടാമത്തെ കുറ്റപത്രത്തിലുള്ള പ്രതികൾ. ഇവർക്കെതിരെ യു.എ.പി.എ വകുപ്പും ചുമത്തിയിട്ടുണ്ട്.

തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇൻറേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിൻറെ കൈവെട്ടിയത്. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും എൻ ഐ എയും കണ്ടെത്തി. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്ക് സംഭവത്തിന് മുൻപും ശേഷവും പ്രദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തൽ. രാജ്യത്ത് പോപുലർ ഫ്രണ്ട് നിരോധനത്തിന് വഴിവെച്ച കാരണങ്ങളിൽ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ട് കേസും ആഭ്യന്തരമന്ത്രാലയം രേഖപ്പെടുത്തിയിരുന്നു.

TAGS :

Next Story