പ്രവാചകനിന്ദ: ഇന്ത്യ മാപ്പുപറയേണ്ടെന്നു പറഞ്ഞ ഗവർണറെ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്
എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സംസ്‌കാരമാണ് ഇന്ത്യയുടേതെന്നും നുപൂർ ശർമയുടെ പ്രസ്താവനയുടെ പേരിൽ രാജ്യം മാപ്പുപറയേണ്ട ആവശ്യമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരം: പ്രവാചകനിന്ദയിൽ ഇന്ത്യ മാപ്പുപറയേണ്ടതില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. ഇത്തരമൊരു പ്രസ്താവന നടത്തിയ ഗവർണറെ പിൻവലിക്കണമെന്ന് തൃണമൂൽ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയിലിൽ അയച്ച സന്ദേശത്തിലാണ് തൃണമൂൽ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ ക്ഷമാപണം നടത്തേണ്ട സാഹചര്യം നിലനിൽക്കെ മാപ്പുപറയേണ്ടെന്ന പ്രസ്താവന നടത്തിയ കേരള ഗവർണറെ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ എല്ലായിപ്പോഴുമുണ്ടെന്നും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സംസ്‌കാരമാണ് ഇന്ത്യയുടേതെന്നുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പ്രതികരിച്ചത്. നുപൂർ ശർമയുടെ പ്രസ്താവനയുടെ പേരിൽ രാജ്യം മാപ്പുപറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കെതിരെ കഴിഞ്ഞ കുറേകാലമായി സംസാരിക്കുന്ന രാജ്യങ്ങളാണ് ഇപ്പോൾ മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ രാജ്യങ്ങൾ സ്വീകരിച്ച നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.
Adjust Story Font
16