കണ്ണൂരിൽ പോരാട്ടം ശക്തം; ഒടുവിലെ കണക്ക് പ്രകാരം 76.89 ആണ് കണ്ണൂരിലെ പോളിങ് ശതമാനം
ഹോം വോട്ടിങും തപാൽ വോട്ടുകളും കൂട്ടിയാൽ ശതമാന കണക്ക് 80 കടന്നേക്കും.
എം.വി ജയരാജൻ, കെ.സുധാകരൻ
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും അധികം പോളിങ് നടന്നത് കണ്ണൂരിൽ. അവസാന കണക്കിൽ കണ്ണൂർ കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തിനൊപ്പം എത്തുമെന്നാണ് പ്രതീക്ഷ. ശക്തി കേന്ദ്രങ്ങളിലെ ഉയർന്ന പോളിങ് ശതമാനത്തിൽ എൽ.ഡി.എഫ് പ്രതീക്ഷ പുലർത്തുമ്പോൾ കഴിഞ്ഞ കാലങ്ങളിലെ വോട്ടിങ് പാറ്റേണിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
ഒടുവിലെ കണക്ക് പ്രകാരം 76.89 ആണ് കണ്ണൂരിലെ പോളിങ് ശതമാനം. ഹോം വോട്ടിങും തപാൽ വോട്ടുകളും കൂട്ടിയാൽ ശതമാന കണക്ക് 80 കടന്നേക്കും.2019 ലെ 83.21 ലേക്ക് ഇത്തവണ പോളിങ് ശതമാനം ഉയരില്ലന്നാണ് വിലയിരുത്തൽ. ഇടത് ശക്തി കേന്ദ്രങ്ങളായ തളിപ്പറമ്പ്, മട്ടന്നൂർ, ധർമ്മടം എന്നിവിടങ്ങളിലെ ഉയർന്ന പോളിങ് ശതമാനത്തിലാണ് ഇത്തവണ എൽ.ഡി.എഫിന്റെ പ്രതീക്ഷ. മൂന്നിടങ്ങളിലും പോളിങ് ശതമാനം ഇത്തവണ 80 കടന്നിട്ടുണ്ട്. എന്നാൽ യു.ഡി.എഫ് കേന്ദ്രങ്ങളായ ഇരിക്കൂറിലും പേരാവൂരിലും 72.50ഉം, 74.54 ശതമാനവുമാണ് ആണ് പോളിങ്.
യു.ഡി.എഫ് പ്രതീക്ഷ പുലർത്തുന്ന അഴീക്കോടും കണ്ണൂരും 74 ശതമാനവും. എന്നാൽ തളിപ്പറമ്പിൽ ലീഗ് കേന്ദ്രങ്ങളിൽ ഉണ്ടായ പോളിങ് വർധന അനുകൂലമാകുമെന്ന് യു.ഡി.എഫും പ്രതീക്ഷ വെക്കുന്നു. മുസ്‌ലിം ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ ഇത്തവണ കാറ്റ് ആർക്ക് അനുകൂലമാകും എന്നതും നിർണായകമാണ്. എന്തായാലും വോട്ട് കണക്കുകൾ കൂട്ടിയും കിഴിച്ചും ജനഹിതം അനുകൂലമാകുമോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാർഥികളും.
Adjust Story Font
16