കോവിഡ് കാലത്ത് വിദേശ ടൂർ റദ്ദാക്കിയിട്ടും ബുക്കിങ് തുക തിരിച്ച് നൽകിയില്ല: 71,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
എറണാകുളം, തൃപ്പൂണിത്തുറ സ്വദേശി കെ കെ ഗോകുലനാഥൻ ടൂർ ഓപ്പറേറ്ററായ ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നൽകിയത്
പ്രതീകാത്മക ചിത്രം
കൊച്ചി: കോവിഡ് കാലത്തെ ലോക്ഡൗൺ മൂലം വിനോദയാത്ര നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ബുക്കിംഗ് തുക തിരിച്ചുനൽകാത്ത ടൂർ ഓപ്പറേറ്ററുടെ നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
നഷ്ടപരിഹാരമായി 71,000 രൂപ ഉപഭോക്താവിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എറണാകുളം, തൃപ്പൂണിത്തുറ സ്വദേശി കെ കെ ഗോകുലനാഥൻ ടൂർ ഓപ്പറേറ്ററായ ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നൽകിയത്. പരാതിക്കാരനും ഭാര്യയും 2020 ഫെബ്രുവരി മാസത്തിൽ സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിൽ പോകുന്നതിനു വേണ്ടിയാണ് ടൂർ ബുക്ക് ചെയ്തത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യം ആയതിനാൽ യാത്ര ചെയ്യേണ്ടെന്ന് പിന്നീട് പരാതിക്കാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ബുക്കിംഗ് തുക തിരിച്ചു നൽകാൻ എതിർകക്ഷികൾ തയ്യാറായില്ല.
മറ്റുള്ളവർ ടൂർ വിജയകരമായി പൂർത്തിയാക്കിയെ ന്നും കൃത്യമായ കാരണമില്ലാതെ പരാതിക്കാർ ഏകപക്ഷീയമായാണ് യാത്ര റദ്ദാക്കിയതെന്നുമാണ് എതിർകക്ഷിയുടെ വാദം. 2020 നവംബറിൽ കേന്ദ്ര സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം കോവിഡ് കാലത്ത് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പാലിക്കാൻ എതിർകക്ഷികൾക്ക് ബാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ വിലയിരുത്തി.
"കോവിഡ് വ്യാപനം പോലെയുള്ള അസാധാരണമായ സാഹചര്യങ്ങളിൽ അനുകമ്പയും നീതിയുക്തമായ പരിഹാരവും ഉപഭോക്താക്കളോട് പ്രദർശിപ്പിക്കണമെന്ന് ഡി.ബി. ബിനു അധ്യക്ഷനും മെമ്പർമാരായ വൈക്കം രാമചന്ദ്രൻ,ടി എൻ ശ്രീവിദ്യ എന്നിവർ ചേർന്ന ബഞ്ച് നിരീക്ഷിച്ചു. ബുക്കിംഗ് തുകയായ 46 ,200 രൂപയും 20,00 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും ഒരു മാസത്തിനുള്ളിൽ ഉപഭോക്താവിന് നൽകണമെന്ന് എതിർ കക്ഷിക്ക് കോടതി നിർദ്ദേശം നൽകി. അഡ്വ രാജരാജ വർമ്മ പരാതിക്കാർക്കു വേണ്ടി ഹാജരായി.
Adjust Story Font
16