നാട്ടുകാര്‍ ബലം പ്രയോഗിച്ച് കടകളടപ്പിച്ചു; കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസില്‍ കച്ചവടക്കാരും നാട്ടുകാരും വീണ്ടും ഏറ്റുമുട്ടി
സംഘര്‍ഷത്തിനിടയില്‍ കച്ചവടക്കാർക്കും നാട്ടുകാർക്കും പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസില്‍ വീണ്ടും കച്ചവടക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം. സംഘർഷത്തിൽ കച്ചവടക്കാർക്കും നാട്ടുകാർക്കും മർദനമേറ്റു. 10.30 യ്ക്ക് ശേഷം തുറക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാർ.എന്നാല്‍ 12 മണി വരെയെങ്കിലും കടകൾ തുറക്കാൻ അനുമതി വേണമെന്ന് കച്ചവടക്കാരുടെ സംഘടന ആവശ്യപ്പെടുന്നത്.
10.30 ന് കച്ചവടക്കാർ കട അടക്കാത്തതോടെ നാട്ടുകാർ സംഘടിച്ച് എത്തുകയായിരുന്നു. കടകൾ അടക്കാൻ കച്ചവടക്കാർ തയ്യാറാകാത്തതിനാൽ നാട്ടുകാർ ബലം പ്രയോഗിച്ച് അടിപ്പിക്കാൻ ശ്രമിച്ചു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
പൊലീസ് എത്തിയാണ് നാട്ടുകാരെ അവിടെ നിന്ന് മാറ്റിയത്. സംഘര്‍ഷത്തിനിടയില്‍ കച്ചവടക്കാർക്കും നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. കടകളിൽ കയറി ആക്രമിച്ചവർക്കെതിരെ പരാതി നൽകുമെന്ന് കച്ചവടക്കാർ പറഞ്ഞു.കച്ചവടക്കാർ ഗുണ്ടകളെ ഇറക്കി എന്നാണ് നാട്ടുകാരുടെ ആരോപണം
പ്രദേശത്ത് സംഘർഷം പതിവായിരിക്കുന്ന സാഹചര്യത്തിൽ സമീപപ്രദേശങ്ങളിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തിരുന്നു. ഒരു മാസം 10.30യ്ക്ക് ശേഷം കടകൾ പൂട്ടി സ്ഥിതിഗതികൾ പരിശോധിക്കാമെന്ന ആശയമാണ് കൗൺസിലർമാർ മുന്നോട്ട് വച്ചത്.എന്നാൽ ഇരുകൂട്ടരും പരസ്പരം തീരുമാനങ്ങൾ അംഗീകരിക്കാതെ വന്നതോടെ പ്രശ്നപരിഹാരമാകാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് രാത്രിയിലും സംഘർഷമുണ്ടായത്.
Adjust Story Font
16