തൃക്കാക്കര പീഡനക്കേസ് പ്രതി പി.ആർ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം
പരാതിക്കാരിയെ അറിയില്ലെന്നും നിരപരാധിയാണെന്നും സുനു
കോഴിക്കോട്: തൃക്കാക്കര പീഡനക്കേസ് പ്രതി പി.ആർ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം. എഫ്‌ഐആറിൽ പ്രതിയായിരിക്കെ ജോലിക്കെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അവധിയിൽ പോകാൻ ഉയർന്ന ഉദ്യേഗസ്ഥർ നിർദേശിച്ചത്. ക്രമസമാധാന ചുമതലയുള്ള ഡി ജി പിയാണ് നിർദേശം നൽകിയത്.
അതേസമയം, ഡ്യൂട്ടിക്കെത്തിയതിനെ ന്യായീകരിച്ച് പി.ആർ സുനുരംഗത്തെത്തിയിരുന്നു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ പി.ആർ സുനു മീഡിയവണിനോട് പറഞ്ഞു. പരാതിക്കാരിയെ അറിയില്ല. പ്രാഥമികമായ അന്വേഷണം പോലും നടത്താതെ ആണ് തന്നെ കസ്റ്റഡിയിൽ എടുത്തത്.മേലുദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിൽ മൂന്നാംപ്രതിയായ സുനു ഇന്നാണ് ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ബേപ്പൂർ സ്റ്റേഷനിലെത്തി സുനു ചാർജെടുത്തത്. ബലാത്സംഗം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു പി.ആർ സുനു. തൃക്കാക്കര കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് സുനുവിനെ നാലുദിവസത്തോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തിരുന്നത്.
തൃക്കാക്കരയിലെ വീട്ടിൽവച്ചും കടവന്ത്രയിൽ വെച്ചും സി.ഐ അടക്കമുള്ളവർ കൂട്ട ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ, യുവതിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു.കേസിൽ മൊത്തം പത്ത് പ്രതികളാണുള്ളത്. ഇതിൽ സി.ഐക്കൊപ്പം നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തിരുന്നു.
Adjust Story Font
16