ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം: രണ്ട് വനപാലകർ കീഴടങ്ങി
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഷിബിൻദാസ് എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്
ഇടുക്കി: കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ രണ്ട് വനപാലകർ കീഴടങ്ങി.ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഷിബിൻദാസ് എന്നിവരാണ് ഇടുക്കി ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ റിമാൻഡ് ചെയ്തു.
കേസിലെ 12 ,13 പ്രതികളാണ് ഇരുവരും. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്.
ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ചാണ് കണ്ണംപടി സ്വദേശിയായ സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റ് ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഫോറസ്റ്റര്‍ അനില്‍കുമാറിനെ സ്ഥലം മാറ്റുകയും ചെയ്തു. സെപ്‌റ്റംബർ 20നായിരുന്നു സംഭവം.
ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ രാഹുൽ,ഫോറസ്റ്റർ അനിൽ കുമാർ അടക്കം 13 പേർക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. പട്ടിക ജാതി പീഡന നിരോധന നിയമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Adjust Story Font
16