വയനാട്ടിൽ പത്തുകിലോ തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ
വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടമാണ് തിമിംഗല ഛർദി
മാനന്തവാടി: വയനാട്ടിൽ പത്ത് കിലോ തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ. വയനാട് കാര്യമ്പാടി സ്വദേശി വി.ടി.പ്രജീഷ്, മുട്ടിൽ കൊളവയൽ സ്വദേശി കെ.റെബിൻ എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാര്യമ്പാടി കൊറ്റിമുണ്ടയിലെ ഹോംസ്റ്റേ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ആംബർ ഗ്രീസ് കണ്ടെടുത്തത്.
കാസർകോട് സ്വദേശികൾക്ക് വിൽക്കാൻ ലക്ഷ്യമിട്ട് കർണാടക സ്വദേശിയിൽനിന്നു വാങ്ങിയതാണ് തിമിംഗല ഛർദി അഥവാ ആംബർ ഗ്രീസ് എന്നാണ് പ്രതികളുടെ മൊഴി. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടമാണ് തിമിംഗല ഛർദി. ഇത് വിൽക്കുന്നതും കൈവശം വെക്കുന്നതും 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇന്ത്യയിൽ നിരോധിച്ചതാണ്.
അന്താരാഷ്ട്രമാർക്കറ്റിൽ വൻ വില ലഭിക്കുമെന്ന പ്രചാരണമാണ് ആംബർഗ്രീസ് വിൽപ്പനക്ക് ശ്രമിക്കുന്നതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് വിജിലൻസ് കൺസർവേറ്റർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർഗോഡ്, വയനാട് ഫ്ളയിങ് സ്‌ക്വാഡ് ജീവനക്കാർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
Adjust Story Font
16