'സുരേന്ദ്രനെ പൊലീസ് സഹായിച്ചു'; കൊടകര കുഴൽപ്പണക്കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്
'കേസ് തേച്ചുമായ്ച്ചു കളഞ്ഞതിനു പിന്നില്‍ ബിജെപി-സിപിഎം അന്തർധാര'
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. കേസിൽ പൊലീസ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ സംരക്ഷിച്ചു. കേസ് തേച്ചുമായ്ച്ചു കളഞ്ഞതിനു പിന്നില്‍ ബിജെപി-സിപിഎം അന്തർധാരയാണെന്നും ഹസൻ 'മീഡിയവണി'നു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
ബിജെപി നേതാവും തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറിയുമായ തിരൂർ സതീശിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു യുഡിഎഫ് കൺവീനർ. കേസിൽ കെ. സുരേന്ദ്രന് പൊലീസിന്റെ സംരക്ഷണം ലഭിച്ചിട്ടുണ്ട്. കേസ് തേച്ചുമായ്ച്ചു കളഞ്ഞത് പൊലീസാണ്. ബിജെപി-സിപിഎം അന്തർധാരയാണ് ഇതിനു പിന്നിൽ. കരുവന്നൂർ ബാങ്ക് കൊള്ള തേച്ചുമായ്ച്ചു കളയുന്നതിനു പ്രത്യുപകാരമായിരുന്നു ഇത്. ബിജെപി നേതൃത്വവും എൽഡിഎഫ് സർക്കാരും തമ്മിലുള്ള ധാരണയാണ് ഇതിനു പിന്നിലുള്ളതെന്നും എം.എം ഹസൻ ആരോപിച്ചു.
കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പൊലീസ് പറഞ്ഞത് ഒഴിഞ്ഞുമാറാൻ വേണ്ടി മാത്രമാണ്. സിപിഐ നേതാവ് സുനിൽ കുമാറിന് കൊടകര അന്വേഷണത്തിലും പൂരം കലക്കൽ അന്വേഷണത്തിലും വിശ്വാസമില്ല. സിപിഐയുടെ നിസ്സഹായത ഓർത്ത് സഹതപിക്കാനേ കഴിയൂ. ലാവ്‌ലിൻ കേസ് മുതൽ ബിജെപി-സിപിഎം അന്തർധാരയുണ്ടെന്നും ഹസൻ മീഡിയവണിനോട് പറഞ്ഞു.
കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ചെന്നാണ് കേസിലെ സാക്ഷി കൂടിയായ തിരൂർ സതീശ് ഇന്ന് 'മീഡിയവണി'നോട് വെളിപ്പെടുത്തിയത്. ആറ് ചാക്കുകളിലായാണ് കോടികൾ പാർട്ടി ഓഫീസിൽ എത്തിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ധർമരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ജില്ലാ ഭാരവാഹികളാണ് ഈ പണം കൈകാര്യം ചെയ്തതെന്നും സതീശ് പറഞ്ഞു.
Summary: UDF Convener MM Hassan Demands Judicial Inquiry In Kodakara hawala case
Adjust Story Font
16