'ഖേദത്തിന്റെ ആവശ്യമൊന്നുമില്ല; അല്ലാഹുവിനോടല്ലാതെ മറ്റാരോടും മാപ്പുപറയേണ്ടതില്ല'; സാദിഖലി തങ്ങൾക്കെതിരായ പരാമർശത്തിൽ ഉമർ ഫൈസി
പ്രശ്നമെല്ലാം പരിഹരിക്കുമെന്നായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം
കോഴിക്കോട്: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചതിനെച്ചൊല്ലി സമസ്ത-ലീഗ് തർക്കം തുടരുന്നു. ഖേദത്തിന്റെ ആവശ്യമൊന്നുമില്ലെന്ന് മുക്കം ഉമർ ഫൈസി പറഞ്ഞു. അല്ലാഹുവിനോടല്ലാത്ത മറ്റാരോടും മാപ്പുപറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുമായുള്ള പ്രശ്‌നങ്ങളിൽ സമവായമായെന്ന സമസ്തയിലെ സിപിഎം അനുകൂലികളായ നേതാക്കളുടെ വാദം തള്ളി സാദിഖലി തങ്ങൾ തന്നെ രംഗത്തെത്തിയതിനു പിന്നാലെയാണു വിശദീകരണം.
ജിഫ്രി തങ്ങളുടെ നേതൃത്വത്തിലാണ് അടിയന്തര ചർച്ച നടന്നതെന്ന് ഉമർ ഫൈസി പറഞ്ഞു. എല്ലാ പ്രശ്‌നവും പരിഹരിച്ചു എന്നു പറയാൻ പറ്റില്ല. തങ്ങൾക്കു വിഷമമുണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ചു. അക്കാര്യത്തിൽ വിശദീകരണം കൊടുത്തു. തെറ്റിദ്ധാരണ പരത്താൻ ചിലയാളുകൾ ഉള്ളിലൂടെ ശ്രമിച്ചതിന്റെ ഫലമായി ഉണ്ടായതാണത്. കാര്യമായി തെറ്റിദ്ധാരണ ഉണ്ടാക്കിയത് ചാനലുകളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയ്ക്ക് ഖേദം പ്രകടിപ്പിച്ചോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: 'ഖേദത്തിന്റെ ആവശ്യമൊന്നുമില്ലല്ലോ.. തങ്ങൾക്ക് ഇങ്ങോട്ടും അങ്ങോട്ടും ഖേദമില്ല. നമ്മൾ തമ്മിൽ എന്തെങ്കിലും വിഷയമുണ്ടായാൽ പറഞ്ഞുതീർന്നാൽ അതു തീർന്നില്ലേ.'
മാപ്പുപറഞ്ഞു എന്നാണ് പറയുന്നത്, അങ്ങനെയുണ്ടായോ എന്നു ചോദിച്ചപ്പോൾ മാപ്പ് അല്ലാഹുനിനോടാണ് പറയുക എന്നായിരുന്നു പ്രതികരണം. അല്ലാഹുവിനോടല്ലാതെ മറ്റാരോടും മാപ്പുപറയേണ്ട ആവശ്യമില്ലെന്നും അങ്ങനെ തെറ്റു ചെയ്യാറില്ലെന്നും ഉമർ ഫൈസി വ്യക്തമാക്കി. പ്രശ്നമെല്ലാം പരിഹരിക്കുമെന്നായിരുന്നു ഇന്ന് ജിഫ്രി തങ്ങളുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ മുക്കം ഉമർ ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉൾപ്പെടെയുള്ളവർ പാണക്കാട്ടെത്തിയത്. ഏറെനേരം നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ഹമീദ് ഫൈസിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് വാർത്താസമ്മേളനം വിളിക്കുകയും ചെയ്തു. പ്രശ്‌നങ്ങളിലെല്ലാം സമവായമായെന്നും എല്ലാം തങ്ങൾക്ക് ബോധ്യപ്പെട്ടെന്നുമായിരുന്നു ഇവർ പറഞ്ഞത്. തങ്ങളോട് ഖേദം പ്രകടിപ്പിച്ചെന്ന കാര്യം മറച്ചുവച്ചു.
ഇതിലെ അതൃപ്തി സാദിഖലി തങ്ങൾ ഇന്ന് പരസ്യമായി പ്രകടിപ്പിച്ചു. സമീപകാലത്തുണ്ടായ വിഷയങ്ങളെല്ലാം സംസാരിച്ചുവെന്നും തന്നോട് മാത്രം പറഞ്ഞാൽ പോരാ, പൊതുസമൂഹത്തോടും പറയണമെന്നു പറഞ്ഞിരുന്നുവെന്നാണ് തങ്ങൾ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇതു പറയാമെന്നു പറഞ്ഞാണു പിരിഞ്ഞതെങ്കിലും അവരുടെ പത്രസമ്മേളനത്തിൽ സംസാരിച്ച വിഷയങ്ങളുമായി നീതി പുലർത്തുന്നതായിരുന്നില്ലെന്നും ഇതായിരുന്നില്ല പ്രതീക്ഷിച്ചതെന്നും തങ്ങൾ പറഞ്ഞു. ഹമീദ് ഫൈസിയും ഉമർ ഫൈസിയും തങ്ങൾക്കെതിരായ പ്രസ്താവനകളിൽ ഖേദം പ്രകടിപ്പിച്ചെന്നും അതു പുറത്തുപറഞ്ഞില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
Summary: 'There is no need for regret; we only apologize to Allah'; Umar Faizy Mukkam on his remarks against Sadiqali Shihab Thangal
Adjust Story Font
16