സമസ്ത മുശാവറയിൽ തർക്കമുണ്ടായത് സ്ഥിരീകരിച്ച് ഉമർ ഫൈസി
ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത് ഭക്ഷണം കഴിക്കാനാണെന്നും ഉമർ ഫൈസി പറഞ്ഞു.
കോഴിക്കോട്: സമസ്ത മുശാവറയിൽ തർക്കമുണ്ടായത് സ്ഥിരീകരിച്ച് ഉമർ ഫൈസി മുക്കം. തനിക്കെതിരായ പരാതി ചർച്ച ചെയ്യുന്നതിനിടെ യോഗത്തിൽനിന്ന് മാറിനിൽക്കുന്നത് സംബന്ധിച്ച് ബഹാഉദ്ദീൻ നദ്‌വിയുമായി വാക്കുതർക്കമുണ്ടായെന്ന് ഉമർ ഫൈസി പറഞ്ഞു. തനിക്കെതിരായ പരാതി ചർച്ച ചെയ്യുമ്പോൾ താൻ മാറിനിൽക്കുന്നതല്ലേ ഭംഗിയെന്ന നിലപാടാണ് ജിഫ്രി തങ്ങൾ എടുത്തത്. എന്നാൽ ഒരുപാട് കള്ളപ്പരാതികൾ വന്നിട്ടുണ്ടെന്നും അത് ചർച്ച ചെയ്യുമ്പോൾ താൻ കൂടി കേട്ടാൽ അതിൽ വിശദീകരണം നൽകാൻ കഴിയുമെന്നും പറഞ്ഞു. ജിഫ്രി തങ്ങൾക്കും അത് സ്വീകാര്യമായിരുന്നു.
തുടർന്നാണ് ബഹാഉദ്ദീൻ നദ്‌വി അധ്യക്ഷൻ മാറിനിൽക്കാൻ പറഞ്ഞത് എന്തുകൊണ്ടാണ് അനുസരിക്കാത്തത് എന്ന് ശാസനാസ്വരത്തിൽ ചോദിച്ചത്. അപ്പോൾ അദ്ദേഹവുമായി ചില തർക്കങ്ങൾ ഉണ്ടായി. എന്നാൽ നദ്‌വിയെയോ മുശാവറ അംഗങ്ങളെയോ കള്ളൻമാരെന്ന് താൻ വിളിച്ചിട്ടില്ല, വിളിക്കുകയുമില്ല. തനിക്കെതിരായി പല കള്ളപ്പരാതികളുമുണ്ട് എന്നാണ് പറഞ്ഞത്. ജിഫ്രി തങ്ങളടക്കം പലരും യോഗത്തിൽ നിന്ന് പലപ്പോഴും പുറത്തേക്ക് പോകാറുണ്ട്. ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത് ഭക്ഷണം കഴിക്കാനാണ്. പിന്നീട് അദ്ദേഹം തിരിച്ചുവന്നിട്ടുണ്ടെന്നും ഉമർ ഫൈസി പറഞ്ഞു.
മുശാവറ യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ബഹാഉദ്ദീൻ നദ്‌വി നടത്തിയത് അച്ചടക്കലംഘനമാണെന്നും ഉമർ ഫൈസി. ഏതൊരു സംഘടനക്കും അസ്വീകാര്യമായ നിലപാടാണ് ബഹാഉദ്ദീൻ നദ്‌വിയുടെ ഭാഗത്തുനിന്നുണ്ടായത്. അടുത്ത മുശാവറയിൽ തീർച്ചയായും ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉമർ ഫൈസി പറഞ്ഞു.
Adjust Story Font
16