പ്രധാനാധ്യാപകരുടെ സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ; വൈകിപ്പിക്കുന്നത് ഇഷ്ടക്കാരെ ഉൾപ്പെടുത്താനെന്ന് കെ.പി.എസ്.ടി.എ
സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങൾ പ്രധാനാധ്യാപകർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകരുടെയും എ.ഇ.ഒമാരുടെയും സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ. പല സ്‌കൂളുകളിലും പ്രധാനാധ്യാപകർ ഇല്ലാത്ത അവസ്ഥയാണ്. വെബ്‌സൈറ്റിലെ തകരാർ മൂലമാണ് കാലതാമസമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.
സ്ഥലംമാറ്റം വൈകുന്നതിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തി. ഇഷ്ടക്കാരെ ഉൾപ്പെടുത്താനെന്ന് സ്ഥലംമാറ്റം വൈകിപ്പിക്കുന്നതെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 12നാണു 2024-25 വർഷത്തെ ഓൺലൈൻ സ്ഥലംമാറ്റത്തിന് വേണ്ടിയുള്ള അപേക്ഷ വിദ്യാഭ്യാസവകുപ്പ് ക്ഷണിച്ചത്. സർക്കുലർ പ്രകാരം മെയ് 22ന് താൽക്കാലിക സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പരാതികൾ പരിഹരിച്ച ശേഷമുള്ള ലിസ്റ്റ് മെയ് 29ന് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.
എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ച ഉടൻ പുറത്തിറക്കുമെന്ന് അറിയിച്ച അന്തിമ സ്ഥലംമാറ്റ പട്ടിക ആറാം പ്രവൃത്തി ദിനം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചിട്ടില്ല. വെബ്‌സൈറ്റിലെ സാങ്കേതികപ്രശ്‌നം മൂലം കാലതാമസം ഉണ്ടാകുന്നു എന്നാണ് വകുപ്പിന്റെ മറുപടി. പക്ഷേ ഈ വിശദീകരണം പൂർണമായും തള്ളുകയാണ് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.എസ്.ടിഎ. വേണ്ടപ്പെട്ടവരെ ഉൾപെടുത്താനുള്ള നീക്കമാണിതെന്നും അധ്യാപകരുടെ അവകാശം നിഷേധിക്കാൻ അനുവദിക്കില്ലെന്നും ഇവർ പറയുന്നു.
സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങൾ പ്രധാനാധ്യാപകർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. സ്ഥലംമാറ്റം പൂർത്തിയാക്കിയാൽ മാത്രമേ ബാക്കി സ്‌കൂളുകളിൽ സ്ഥാനക്കയറ്റം വഴി പ്രധാനാധ്യാപകരെ നിയമിക്കാൻ കഴിയൂ.
Adjust Story Font
16