Quantcast

കൃത്യവിലോപങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി: മന്ത്രി വീണാ ജോർജ്

എല്ലാ മെഡിക്കല്‍ കോളജുകളിലേയും സുരക്ഷിതത്വം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി

MediaOne Logo

Web Desk

  • Published:

    16 July 2024 2:55 PM GMT

TVM Medical College
X

തിരുവനന്തപുരം: കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ മെഡിക്കല്‍ കോളജുകളിലേയും സുരക്ഷിതത്വം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

'' മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും കൃത്യമായി നിര്‍വഹിക്കണം. ആശുപത്രികളിലെ സുരക്ഷിതത്വവും പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയും പരിശോധിക്കാന്‍ ഓരോ വിഭാഗങ്ങളിലേയും ജീവനക്കാര്‍ക്ക് ചെക്ക് ലിസ്റ്റുകള്‍ ഏര്‍പ്പെടുത്തും''- മന്ത്രി പറഞ്ഞു.

''ജീവനക്കാര്‍ ചെക്ക് ലിസ്റ്റ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രിന്‍സിപ്പല്‍മാരും സൂപ്രണ്ടുമാരും ഉറപ്പാക്കണം. മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും. ജീവനക്കാരോടും കൂട്ടിരിപ്പുകാരോടും സഹാനുഭൂതിയോടെ പെരുമാറണം. അവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണം. പ്രൊമോഷനിലും കോണ്‍ട്രാക്ട് പുതുക്കലിനും വിജയകരമായ പരിശീലനം പ്രധാന മാനദണ്ഡമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

'സുരക്ഷിത ആശുപത്രി സുരക്ഷിത ക്യാമ്പസ്' എന്ന പേരില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ മെഡിക്കല്‍ കോളജുകളിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കഴിഞ്ഞ വര്‍ഷം നടത്തിയ സേഫ്റ്റി ഓഡിറ്റ് പ്രകാരം ഓരോ മെഡിക്കല്‍ കോളജിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും. മെഡിക്കല്‍ കോളജിലെ പ്രത്യേക ടീമായിരിക്കും ഇത് പരിശോധിക്കുക.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ലിഫ്റ്റുകളില്‍ ഓട്ടോമെറ്റിക് റെസ്‌ക്യൂ ഡിവൈസ് ഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിച്ച് പരമാവധി എല്ലാ ലിഫ്റ്റുകളിലും ആ സംവിധാനം നടപ്പിലാക്കും. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് കൃത്യമായ സാങ്കേതിക പരിശീലനം നല്‍കണം. ലിഫ്റ്റ് പ്രവര്‍ത്തിക്കുന്ന ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ ലിഫ്റ്റ് താഴെ കൊണ്ടുവന്ന് ലിഫ്റ്റിന്റെ ഡോര്‍ തുറന്ന് പരിശോധിച്ച് ലോക്ക് ചെയ്യണം എന്ന മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

TAGS :

Next Story