ഏകീകരിച്ച കുർബാനക്രമം ഭൂരിഭാഗം രൂപതകളിലും അതിരൂപതകളിലും നടപ്പിലായി
അങ്കമാലി, ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകൾ മാത്രമാണ് സിനഡ് നിർദ്ദേശം നടപ്പാക്കാതിരുന്നത്
സിറോ മലബാർ സഭയുടെ ഏകീകരിച്ച കുർബാനക്രമം ഭൂരിഭാഗം രൂപതകളിലും അതിരൂപതകളിലും നടപ്പിലായി. അങ്കമാലി, ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകൾ മാത്രമാണ് സിനഡ് നിർദ്ദേശം നടപ്പാക്കാതിരുന്നത്. തൃശൂരിലും ഡൽഹിയിയും നേരിയ സംഘർഷമുണ്ടായി. പുതിയ രീതിയിൽ കുർബാന അർപ്പിക്കണമെന്നവശ്യപ്പെട്ട് ഇരിങ്ങാലക്കുട കടുപ്പശ്ശേരിയിലും ഡൽഹി ടാഗോർ ഗാർഡൻ പള്ളിയിലും ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചു. ബിഷപ്പിനെ മാറ്റണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു. കർദിനാൾ ജോർജ് ആലഞ്ചേരി സഭ ആസ്ഥാനമായ മൌണ്ട് സെന്റ് തോമസിൽ കുർബാന അർപ്പിച്ചു. ദൈവത്തെക്കാൾ വലുതാണെന്ന് ആരും ചിന്തിക്കരുതെന്നും എതിർ ശബ്ദങ്ങളെ ഭയപ്പെടരുതെന്നും കർദിനാൾ പറഞ്ഞു. കുർബാന പരിഷ്‌കരണത്തെ സ്വാഗതം ചെയ്യുന്നവർക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നന്ദി അറിയിച്ചു. ഏകീകരണ കുർബാനക്ക് വേണ്ടിയുള്ള ശ്രമത്തെ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച കർദിനാൾ സഭയിൽ ഐക്യവും സമാധാനവും ഉണ്ടാവണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞു.
സഭയുടെ കീഴിലെ വിവിധ രൂപതകളിലും അതിരൂപതകളിലും കുർബാന അർപ്പണത്തിൽ വ്യത്യസ്തമായ രീതികളാണ് നിലനിന്നിരുന്നത്. ഇത് ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കുർബാന ക്രമത്തിന് സിനഡ് അംഗീകാരം നൽകിയത്. ആദ്യ ഭാഗം ജനാഭിമുഖമായും വിശ്വാസ പ്രമാണം മുതൽ ദിവ്യകാരുണ്യ അർപ്പണം വരെയുള്ള ഭാഗം അൾത്താരക്ക് അഭിമുഖമായും കുർബാന അർപ്പിക്കുകയാണ് പുതിയ രീതി.
ശക്തമായ എതിർപ്പുണ്ടാകുമെന്ന് കരുതിയ തൃശൂർ, പാലക്കാട് അതിരൂപതകളിലടക്കം ഏകീകൃത കുർബാന ക്രമം നടപ്പാക്കാൻ കഴിഞ്ഞു. സഭ ആസ്ഥാനം നിലനിൽക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടർന്നപ്പോൾ സഭ ആസ്ഥാനത്ത് കർദിനാൾ പരിഷ്‌കരിച്ച കുർബാന നടപ്പിലാക്കി. ഏകീകൃത കുർബാനക്രമം പൂർണമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലവിൽ ഉണ്ടായ പ്രതിസന്ധി മറികടക്കാൻ വത്തിക്കാനെ സമീപിക്കാനാണ് സഭ നേതൃത്വത്തിന്റെ തീരുമാനം.
എറണാകുളം - അങ്കമാലി രൂപതയിൽ ജനാഭിമുഖ കുർബാന രീതി പിന്തുടരാനുള്ള ബിഷപ്പ് ആന്റണി കരിയിയിലിന്റെ ആഹ്വാന പ്രകാരമാണ് കുർബാന നടന്നത്. ആലുവ പ്രസന്നപുരം ദേവാലയമാണ് പുതിയ രീതിയിൽ കുർബാന നടന്ന രൂപതക്ക് കീഴിലെ ഏക പള്ളി. ഇരിങ്ങാലക്കുട രൂപതയിൽ പഴയ രീതിയിലുള്ള കുർബാന രീതി തുടരാൻ ഇന്നലെ ബിഷപ്പ് പോളി കണ്ണൂക്കാടനുമായി വൈദീകർ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. എന്നാൽ രൂപതക്ക് കീഴിലുള്ള കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിൽ പുതിയ കുർബാന രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ പ്രതിഷേധിച്ചു.
1965ൽ എല്ലാ സഭകളിലും ആൾത്താരയിലേക്ക് നോക്കി ആയിരുന്നു കുർബാനയെന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂർ ലൂർദ് കത്തീഡ്രലിൽ ഏകീകൃത കുർബാനക്കിടെയാണ് ബിഷപ്പ് വിശദീകരണം നൽകിയത്. അനൈക്യത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ക്രമം നടപ്പാക്കാൻ പോപ്പ് പറയുകയും സിനഡ് തീരുമാനം എടുക്കുകയും ചെയ്തത്. ഭിന്നഭിപ്രായങ്ങൾ അവരുടെ അഭിപ്രായം മാത്രമാണ്. സഭയുടേതല്ല- അദ്ദേഹം പറഞ്ഞു. സഭ ഇപ്പോൾ പല തരത്തിൽ പീഡിപ്പിക്കുകയാണ്. അതിന്റെ കാരണം അനൈക്യമാണ്. ആ ഭിന്നത സീറോ മലബാർ സഭയിലെ കുർബാന ക്രമത്തിലുമുണ്ടായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
Adjust Story Font
16