ആശമാരുടെ പ്രശ്നങ്ങൾ അറിയിക്കാൻ പോയ കേരളത്തിന്റെ പ്രതിനിധിയെ തിരിച്ചയച്ച് കേന്ദ്രധനമന്ത്രി
കേരളത്തിൻറെ ആവശ്യം സംബന്ധിച്ച് നിർമല സീതാരാമൻ കുറിപ്പ് ചോദിച്ചെങ്കിലും കണക്കുകളെ സംബന്ധിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു കെ.വി തോമസിന്റെ പ്രതികരണം

ന്യൂ ഡൽഹി: ആശമാരുടെ പ്രശ്നങ്ങൾ അറിയിക്കാൻ പോയ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിനെ കണക്ക് ചോദിച്ച് തിരിച്ചയച്ച് കേന്ദ്രധനമന്ത്രി. കേരളത്തിൻറെ ആവശ്യം സംബന്ധിച്ച് നിർമല സീതാരാമൻ കുറിപ്പ് ചോദിച്ചെങ്കിലും കണക്കുകളെ സംബന്ധിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു കെ.വി തോമസിന്റെ പ്രതികരണം. തിങ്കളാഴ്ച വിശദമായ കുറിപ്പ് നൽകുമെന്ന് കെ.വി. തോമസ് അറിയിച്ചു.
ആശമാരെ കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി കെ.വി.തോമസ് മറുപടി പൂർത്തിയാക്കാതെ മടങ്ങി. തിങ്കളാഴ്ച മുഖ്യമന്ത്രി ഡൽഹിയിലെത്തും. നിർമല സീതാരാമനുമായി കൂടിക്കാഴ്ചയിൽ മുണ്ടക്കൈ അടക്കമുള്ള വിവിധ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. ആശസമരം, വയനാട് സഹായം,കെ റെയിൽ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, വേതന വർദ്ധനവ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന സമരം 26 ആം ദിവസവും തുടരുകയാണ്. മിനിമം കൂലി അടക്കമുള്ള ആവശ്യങ്ങൾ നടപ്പാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് നിലവിൽ നിരവധി ബഹുജന പിന്തുണയാണ് ലഭിക്കുന്നത്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വനിത ദിനമായ നാളെ വനിതാസംഗമം നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16