'സർക്കാർ അമ്പേ പരാജയം, സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് ധൂർത്ത്'; അടിയന്തര പ്രമേയത്തിൽ ചർച്ച
കാലോചിതമായ പരിഷ്കാരം കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പ്രതിസന്ധിയുടെ പ്രധാന കാരണം നികുതി പിരിവിലെ പോരായ്മയാണെന്നും റോജി എം. ജോണ്‍ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ ചർച്ച തുടങ്ങി. റോജി എം. ജോണ്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് പച്ചയായ സത്യമാണെന്നും 26,500 കോടിയോളം രൂപ കുടിശ്ശികയാണെന്നും അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കാലോചിതമായ പരിഷ്കാരം കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പ്രതിസന്ധിയുടെ പ്രധാന കാരണം നികുതി പിരിവിലെ പോരായ്മയാണ്. അഴിമതിയും കെടുകാര്യസ്ഥതയും ആണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണം. സർക്കാരിൻ്റെ ധൂർത്ത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. കേന്ദ്ര സർക്കാർ നയങ്ങളും തിരിച്ചടിയായെന്ന് റോജി എം. ജോണ്‍ പറഞ്ഞു.
ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറാണ്. അന്ന് നടപ്പിലാക്കേണ്ട പല കാര്യങ്ങളും നടപ്പിലാക്കിയില്ല. നികുതി വകുപ്പ് പൂർണമായി പരാജയപ്പെട്ടു. ജിഎസ്ടി വരുമ്പോൾ കേരളത്തിലാണ് ഏറ്റവും അധികം ഗുണം ഉണ്ടാകേണ്ടിയിരുന്നത്. സർക്കാർ അമ്പേ പരാജയമാണെന്നും റോജി എം. ജോണ്‍ പറഞ്ഞു.
അതേസമയം, പേരിനെങ്കിലും കേന്ദ്രത്തെ കുറ്റപ്പെടുത്തിയതിന് എഴുന്നേറ്റ് നിന്ന് ആദരം അർപ്പിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന് അർഹമായ വിഹിതം കിട്ടുന്നില്ല. ഇതിൽ പ്രതിപക്ഷത്തിന് ഒന്നും പറയാനില്ലെന്നും കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബി.ജെ.പിക്ക് എതിരായുള്ള പ്രതിപക്ഷത്തിൻ്റെ മിണ്ടാട്ടം മുട്ടും. നിയമപരമായി കടമെടുക്കാനുള്ള സംസ്ഥാനത്തിൻ്റെ അവകാശത്തിന്മേൽ കേന്ദ്രം കത്തിവെച്ചു. കേരളത്തിനെതിരെ മാത്രമാണ് നിയന്ത്രണം. ഇതിനെതിരെ പ്രതിപക്ഷത്തിന് എന്തെങ്കിലും പറയാനുണ്ടോ എന്നും കടകംപള്ളി ചോദിച്ചു.
ജിഎസ്ടിയെ കുറിച്ച് എന്തെങ്കിലും ബോധം ഉണ്ടെങ്കിൽ പ്രതിപക്ഷം ഇങ്ങനെ ഒരു അസംബന്ധം സഭയിൽ പറയുമോ എന്നും ജിഎസ്ടിയെക്കുറിച്ചും ഐജിഎസ്ടിയെ കുറിച്ചും പ്രതിപക്ഷത്തിന് അറിയില്ലെന്നും കടകംപള്ളി കുറ്റപ്പെടുത്തി.
നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. "സർക്കാരും ധനമന്ത്രിയും നിരന്തരം കേന്ദ്രത്തിൽ നിന്നും 57000 കോടി കിട്ടാനുണ്ടെന്നു പറയുന്നു. എന്നാൽ 31,869 കോടി തരണമെന്നാണ് ധനമന്ത്രി അയച്ച കത്തിൽ പറയുന്നത്. ഏറ്റവും കൂടുതൽ റവന്യു ഡഫിസിറ്റ് ഗ്രാൻ്റ് കിട്ടുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ട് ഇപ്പോൾ പറയുന്നു കിട്ടാനുള്ളത് കിട്ടുന്നില്ലെന്ന്" മാത്യു കുഴൽനാടൻ പറഞ്ഞു.
Adjust Story Font
16