Quantcast

'കെ സുധാകരന്‍ കള്ളന് കഞ്ഞി വെച്ചവന്‍, പൊലീസിന്‍റെ ഇപ്പോഴത്തെ പണി 'പുതിയ പുരാവസ്തുക്കൾ'ക്ക് കാവൽ' വി. മുരളീധരന്‍

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്‍റിന് നേരെ വിമര്‍ശനവുമായി വി.മുരളീധരന്‍

MediaOne Logo

Web Desk

  • Updated:

    2021-10-02 06:18:56.0

Published:

2 Oct 2021 6:15 AM GMT

കെ സുധാകരന്‍ കള്ളന് കഞ്ഞി വെച്ചവന്‍, പൊലീസിന്‍റെ ഇപ്പോഴത്തെ പണി പുതിയ പുരാവസ്തുക്കൾക്ക് കാവൽ വി. മുരളീധരന്‍
X

കേരള പൊലീസിനെതിരെ പരിഹാസവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. 'പുതുതായി ഉണ്ടാക്കുന്ന പുരാവസ്തുക്കൾ'ക്ക് കാവൽ നിൽക്കലാണ് കേരളാ പൊലീസിന്‍റെ പണിയെന്നായിരുന്നു മുരളീധരന്‍റെ പരിഹാസം. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്‍റിനെയും വിമര്‍ശിക്കാന്‍ മുരളീധരന്‍ മറന്നില്ല. കള്ളന് കഞ്ഞി വെച്ചവനാണ് കെ.പി.സി.സി പ്രസിഡന്‍റ് എന്നായിരുന്നു മുരളീധരന്‍റെ വിമര്‍ശനം.

സംസ്ഥാന സര്‍ക്കാരിന് നേരെയും മുരളീധരന്‍ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കാണ് അഴിച്ചുവിട്ടത്. മോന്‍സനുമായി ബന്ധമുള്ള പ്രവാസി വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധമെന്ന് മുരളീധരന്‍ ചോദിച്ചു. പുരാവസ്തു തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ലോക കേരള സഭയെ മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉപയോഗിച്ച് കേരളത്തിന് പുറത്തുള്ളവർ വലിയ തട്ടിപ്പ് നടത്തുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ലോക കേരള സഭയില്‍ മുഖ്യറോളിലുണ്ടായിരുന്ന വനിതയാണ് പുരാവസ്തു തട്ടിപ്പുകാരനു വേണ്ടി ഉന്നത കേന്ദ്രങ്ങളിൽ ഇടനില നിന്നതെന്നും ഇവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും മുരളീധരന്‍ ആരോപണം ഉന്നയിച്ചു. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്‌റ 2020 മേയിൽ അന്വേഷണമാവശ്യപ്പെട്ട് ഇന്‍റലിജൻസ് ഏജൻസിക്ക് റിപ്പോർട്ട് കൊടുത്തിട്ടും എന്തുകൊണ്ടാണ് അന്വേഷണം നടക്കാതിരുന്നതെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്നും മുരളീധരന്‍ ചോദിച്ചു.

മോൻസന്‍ മാവുങ്കലിനെതിരെ കൊച്ചി പൊലീസിൽ നൽകിയ പരാതികളെല്ലാം ഒതുക്കിത്തീർത്തത് ആരുടെ സ്വാധീനത്തിലാണെന്നും ഇതെല്ലാം വിരൽചൂണ്ടുന്നത് ആഭ്യന്തര വകുപ്പിലേക്കാണെന്നും മുരളീധരന്‍ ആരോപിച്ചു. മുഖ്യമന്ത്രി തന്നെ ഇടപെട്ട് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും യു.ഡി.എഫ് സർക്കാരിന്‍റെ കാലത്തെ സോളാർ തട്ടിപ്പിന് സമാനമാണ് ഇപ്പോഴത്തെ പുരാവസ്തു തട്ടിപ്പെന്നും മുരളീധരൻ പറഞ്ഞു.

TAGS :

Next Story