'ദുരന്തമുഖത്തും ബിജെപിക്ക് കോർപ്പറേറ്റ് പ്രതിപത്തി'; വാക്സിന്‍ ചലഞ്ചിൽ ഒരു മാസത്തെ ശമ്പളം നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ജനങ്ങള്‍ ആഹ്വാനം ചെയ്ത കാമ്പെയിനിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി
വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങള്‍ ആഹ്വാനം ചെയ്ത കാമ്പെയിനിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
എത്ര തുക ചെലവായാലും കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിനേഷൻ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ആരുടെയും ആഹ്വാനവുമില്ലാതെ തന്നെ ജനങ്ങൾ വാക്സിന്‍ ചാലഞ്ചുമായി മുന്നോട്ടു വന്ന് 3 കോടി രൂപയിലധികം ദുരിതാശ്വാസ നിധിയിലേക്ക് നൽകി കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വാക്സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും വലിയ വില കൊടുത്ത് വാക്സിന്‍ നേരിട്ട് വാങ്ങാനാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. വില നിയന്ത്രണാധികാരം കമ്പനികൾക്ക് വിട്ടുകൊടുത്തത് വഴി ദുരന്തമുഖത്തും കോർപ്പറേറ്റ് പ്രതിപത്തിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി കാണിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. പരമാവധി പേർക്ക് വാക്സിനേഷൻ നൽകുക എന്നതാണ് ഈ മഹാമാരിയെ പിടിച്ച് നിർത്താൻ നിലവിൽ നമ്മുടെ മുന്നിലുള്ള പ്രതിവിധി. മെയ് ഒന്നു മുതൽ 18 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്ക് കൊവിഡ് വാക്സിൻ നൽകുവാൻ തീരുമാനിച്ചെങ്കിലും ഇതിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. വാക്സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും വലിയ വില കൊടുത്ത് വാക്സിന്‍ നേരിട്ട് വാങ്ങാനാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. വില നിയന്ത്രണാധികാരം കമ്പനികൾക്ക് വിട്ടുകൊടുത്തത് വഴി ദുരന്തമുഖത്തും കോർപ്പറേറ്റ് പ്രതിപത്തിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി കാണിക്കുന്നത്.
എത്ര തുക ചിലവായാലും കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിനേഷൻ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരുടെയും ആഹ്വാനവുമില്ലാതെ തന്നെ ജനങ്ങൾ വാക്സിന്‍ ചാലഞ്ചുമായി മുന്നോട്ടു വന്നു 3 കോടി രൂപയിലധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കഴിഞ്ഞു.
വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി എന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കൂടാതെ എന്റെ ഓഫീസിലെ എല്ലാ ജീവനക്കാരും ശമ്പളത്തിന്റെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതിനോടൊപ്പം ജനങ്ങള്‍ ആഹ്വാനം ചെയ്ത ക്യാംപെയിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള അഭിമാനം രേഖപ്പെടുത്തുകയും ചെയ്യുന്നു.
Adjust Story Font
16