നമസ്കാരത്തെ അവമതിക്കുന്ന വടകരയിലെ പ്രസംഗം: യു.ഡി.എഫ് മാപ്പ് പറയണം -ഐ.എൻ.എൽ
‘മുക്കം മൗലവിക്ക് നിസ്കരിക്കാൻ മുട്ടി എന്ന പ്രയോഗം തന്നെ അവഹേളനപരമാണ്’
കെ.എസ് ഹരിഹരൻ
കോഴിക്കോട്: നമസ്കാരത്തെ അവഹേളിക്കും വിധം വടകരയിൽ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരൻ നടത്തിയ വർഗീയ പ്രസംഗത്തിൽ യു.ഡി.എഫ് നേതാക്കൾ മാപ്പ് പറയണമെന്ന് ഐ.എൻ.എൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെയും ഷാഫി പറമ്പിലിൻ്റെയും കെ.കെ രമ എം.എൽ.എയുടെയും സാന്നിധ്യത്തിലാണ് സമസ്ത ഇ.കെ വിഭാഗം നേതാവ് മുക്കം ഉമർ ഫൈസിയെ അവഹേളിക്കുന്ന വിധം ആർ.എം.പി നേതാവ് പ്രസംഗിച്ചത്.
'മുക്കം മൗലവിക്ക് നിസ്കരിക്കാൻ മുട്ടി' എന്ന പ്രയോഗം തന്നെ അവഹേളനപരമാണ്. മഗ്‌രിബ് നമസ്കാരം സന്ധ്യാനേരത്ത് തന്നെ നിർവ്വഹിക്കണമെന്നതാണ് മുസ്ലിം കർമ്മ ശാസ്ത്ര ശാസനം. കോഴിക്കോട് സി.പി.എം നടത്തിയ സി.എ.എ വിരുദ്ധ സമ്മേളനത്തിനിടെ ഉമർ ഫൈസി വേദിയിൽ വെച്ച് നമസ്കരിച്ചതാണ് ഹരിഹരൻ്റെ രക്തം തിളപ്പിച്ചതെങ്കിൽ അത് ഏത് രോഗത്തിൻ്റെ ലക്ഷണമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരു വിശ്വാസി സമൂഹത്തെ മൊത്തം അവഹേളിക്കുന്ന ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒരു മതേതര സമൂഹത്തിൽ പാടില്ലാത്തതാണ്. അതുകൊണ്ട് തന്നെ ഹരിഹരൻ്റെ വർഗീയ പ്രസംഗത്തിന് കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ യു.ഡി.എഫ് നേതാക്കൾ തയ്യാറാവണമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16