'ആറാം നൂറ്റാണ്ട്'; തിരിച്ചറിവിന്റെ തിരിഞ്ഞുനടപ്പുകളുമായി വളാഞ്ചേരി വാഫി കോളജ് കലോത്സവം
കലോത്സവത്തിന്റെ ലോഗോ പ്രകാശനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 250ൽ അധികം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
കോഴിക്കോട്: വളാഞ്ചേരി മർകസ് കെ.കെ.എച്ച്.എം വാഫി കോളജ് കലോത്സവം 'ആറാം നൂറ്റാണ്ട്' ശ്രദ്ധേയമാവുന്നു. സെപ്തംബർ 13, 14, 15 തിയതികളിലാണ് പരിപാടി. പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രബോധന കാലമെന്ന നിലയിൽ ഇസ്‌ലാമിന്റെ ധാർമിക ബോധങ്ങളെ വിമർശിക്കാനും പരിഹസിക്കാനുമാണ് പലപ്പോഴും ആറാം നൂറ്റാണ്ട് എന്ന പ്രയോഗം ഉപയോഗിക്കാറുള്ളത്. അടുത്തിടെ ജൻഡർ ന്യൂട്രാലിറ്റി വിഷയത്തിലും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആറാം നൂറ്റാണ്ട് പരാമർശം നടത്തിയിരുന്നു.
യഥാർഥത്തിൽ പ്രവാചകന്റെ പ്രബോധന കാലഘട്ടം ഏഴാം നൂറ്റാണ്ടാണ്, അതുകൊണ്ട് തന്നെ ഈ നിർമിത പ്രയോഗം വസ്തുതാപരമായ പിഴവും വിഡ്ഢിത്തവുമാണെന്ന് വാഫി സ്റ്റുഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ആത്മീയ സാമൂഹ്യ സാംസ്‌കാരിക അപചയങ്ങൾക്ക് ധാർമിക മൂല്യങ്ങളിലൂടെ പരിഹാരം സാധ്യമാക്കിയ വിപ്ലവമാണ് ആറാം നൂറ്റാണ്ടെന്ന ഏഴാം നൂറ്റാണ്ടിന്റെ യാഥാർഥ്യമെന്നും അതുകൊണ്ട് ആ മൂല്യങ്ങളിലേക്കുള്ള തിരിഞ്ഞുനടപ്പാണ് കാലം ആവശ്യപ്പെടുന്നതെന്നും ഇവർ പറഞ്ഞു. കലോത്സവത്തിന്റെ ലോഗോ പ്രകാശനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 250ൽ അധികം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
എസ്എസ്എൽസി കഴിഞ്ഞ വിദ്യാർഥികൾക്ക് മത-ഭൗതിക വിദ്യാഭ്യാസം നൽകുന്ന സമന്വയ വിദ്യാഭ്യാസ പദ്ധതിയാണ് വാഫി കോഴ്‌സ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അംഗീകാരത്തോടെ സിഐസി (കോർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ്) എന്ന പ്രത്യേക ബോർഡിന് കീഴിലാണ് ഈ കോഴ്‌സ് നടത്തപ്പെടുന്നത്.
Adjust Story Font
16