വന്ദനയുടെ കൊലപാതകം: ഡോക്ടർമാരുടെ സമരം ഇന്നും തുടരും; ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച
അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയുള്ള സമരത്തിന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ജോലിക്കിടെ ഡോക്ടർ കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ പണിമുടക്ക് ഇന്നും തുടരും. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് തടയുന്ന നിയമം, ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി ഭേഗദതി ചെയ്ത് ഓർഡിനൻസ് ആയി ഇറക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. സമരം പ്രഖ്യാപിച്ച ഡോക്ടർമാരുടെ സംഘടനയുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും
കൊട്ടാരക്കരയിലെ ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത പണിമുടക്ക് തുടർച്ചയായ രണ്ടാം ദിവസവും തുടരുകയാണ്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയുള്ള സമരത്തിന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും പണിമുടക്കും. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പാക്കണമെന്നാണ് ഐ.എം.എ അടക്കമുള്ള സംഘടനയുടെ ആവശ്യം.
ഡോക്ടർമാരുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പ്രശ്‌നപരിഹാരത്തിന് സർക്കാർ തല ഇടപെടലും സജീവമായി. ഡോക്ടർമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ഇന്ന് 10.30-ക്ക് ചർച്ച നടത്തും. ഇന്നലെ ആരോഗ്യസെക്രട്ടറിയുമായി നടത്തിയ ചർച്ചയിലും എത്രയും വേഗം ഓർഡിനൻസ് ഇറക്കണമെന്നാണ് ഐ.എം.എ ആവശ്യപ്പെട്ടത്. ഈ ചർച്ചയിലെ വിവരങ്ങൾ ചീഫ് സെക്രട്ടറി വഴി ആരോഗ്യസെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടർന്നാണ് ചർച്ചക്ക് കളമൊരുങ്ങിയത്. പി.ജി ഡോക്ടർമാരുടേയും ഹൗസ് സർജൻമാരുടേയും സംഘടനകളുമായി ആരോഗ്യമന്ത്രി നാളെ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16