Quantcast

രണ്ടാഴ്ച പ്രായമായ കുഞ്ഞിനെ ഈച്ച പൊതിഞ്ഞിരിക്കുകയാണ്, മനഃസാക്ഷിയുള്ളവർ കണ്ണുനിറഞ്ഞേ അവിടെ നിന്ന് മടങ്ങൂ; വി.ഡി സതീശൻ

കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണിലാണ് ആ പാവങ്ങൾ ജീവിക്കുന്നത്. അതാണ് പ്രധാന പ്രശ്‌നം. അതായത് പുനരധിവാസം.

MediaOne Logo

Web Desk

  • Updated:

    2022-12-06 10:48:30.0

Published:

6 Dec 2022 10:12 AM GMT

രണ്ടാഴ്ച പ്രായമായ കുഞ്ഞിനെ ഈച്ച പൊതിഞ്ഞിരിക്കുകയാണ്, മനഃസാക്ഷിയുള്ളവർ കണ്ണുനിറഞ്ഞേ അവിടെ നിന്ന് മടങ്ങൂ; വി.ഡി സതീശൻ
X

തിരുവനന്തപുരം: മനഃസാക്ഷിയുള്ളയാളുകൾ കണ്ണുനിറഞ്ഞേ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന സിമന്റ്​ ​ഗോഡൗണിൽ നിന്ന് മടങ്ങൂ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 140 ദിവസമായി സമരം തുടങ്ങിയിട്ട്. അതിനു മുമ്പ് പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ കൊണ്ടുവന്നു. കരയുകയാണോ എന്ന് എം വിൻസെന്റ് ചോദിച്ചു. അതെ, അക്ഷരാർഥത്തിൽ താൻ കരഞ്ഞെന്നും സതീശൻ വ്യക്തമാക്കി.

താൻ ആ സിമന്റ് ഗോഡൗണിനകത്ത് പോയി കണ്ട കാഴ്ച ഇവിടെ പറഞ്ഞു. രണ്ടാഴ്ച പ്രായമായ കുഞ്ഞിനെ കാട്ടിത്തന്നു. ആ കുഞ്ഞിനെ കാണുന്നില്ല, കാരണം ഈച്ച പൊതിഞ്ഞിരിക്കുകയാണ്. കറുത്ത രൂപമായി കിടക്കുകയാണ്. മനഃസാക്ഷിയുള്ളയാളുകൾ കണ്ണുനിറഞ്ഞേ അവിടെ നിന്ന് മടങ്ങൂ.

കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണിലാണ് ആ പാവങ്ങൾ ജീവിക്കുന്നത്. അതാണ് പ്രധാന പ്രശ്‌നം. അതായത് പുനരധിവാസം. ഏത് സർക്കാരാവട്ടെ, ഒരു ജനവിഭാഗത്തിന് കൊടുക്കുന്ന ഉറപ്പ് അടുത്ത സർക്കാരിന് പാലിക്കാൻ ബാധ്യതയില്ലേ എന്നും വിഴിഞ്ഞം വിഷയത്തിൽ നിയമസഭയിൽ നടന്ന ചർച്ചയിൽ സതീശൻ ചോദിച്ചു. തീരശോഷണം മൂലം അവരുടെ നിരവധി വീടുകളാണ് ഇല്ലാതായെന്നും അതിനും പരിഹാരം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ജീവൻ കൊടുത്തും യുഡിഎഫ് മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം നിൽക്കുമെന്നും അവരുടെ സമരത്തെ പിന്തുണയ്ക്കുന്നതായും വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്താത്തത് തങ്ങളെ അതിശയിപ്പിക്കുന്നു. ‌മന്ത്രിമാർക്ക് പ്രശ്നം തീർക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ തീരപ്രദേശത്തും പട്ടിണിയാണ്. ഇപ്പോൾ കാണുന്ന തീരപ്രദേശത്തെ വീടുകൾ മൂന്നുമാസം കഴിയുമ്പോൾ അവിടെയുണ്ടാകില്ല. വീടിരുന്ന സ്ഥലത്ത് കടലാണ്. കാലാവസ്ഥയിലുണ്ടായ മാറ്റം വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. ഓഖിക്ക് ശേഷം മത്സ്യബന്ധന ദിനങ്ങളുടെ എണ്ണം 46 ശതമാനം കുറഞ്ഞു. ഇങ്ങനെ പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.

ഈ യാഥാർഥ്യം കൂടി ഉൾക്കൊണ്ടുവേണം ഒരു സർക്കാർ ഇതിനെ സമീപിക്കാൻ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരക്കാരെ നേരിടുന്ന ലാഘവത്തോടെയാണോ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തെ നേരിടേണ്ടത്. അവരുടെ തീവ്രത കൂടും. അതേത് പൊതുപ്രവർത്തകനും മാധ്യമപ്രവർത്തകനുമാണ് അറിയാത്തത്? സ്നേഹിച്ചാൽ ജീവൻ തരുന്നവരാണ് മത്സ്യത്തൊഴിലാളികളെന്നും സതീശൻ വ്യക്തമാക്കി.

TAGS :

Next Story