വയനാട്ടിൽ 100 വീട് വാഗ്ദാനം ചെയ്തുള്ള കർണാടക സർക്കാരിന്റെ കത്തിനോട് സംസ്ഥാനം നിസംഗത പുലർത്തിയത് അപമാനകരം
സഹായം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതിന് തുല്യമായ കുറ്റമാണ് സംസ്ഥാന സർക്കാരും ചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 100 വീടുകൾ നിർമിച്ചു നൽകാമെന്ന കർണാടക സർക്കാരിന്റെ വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ പ്രതികരണമല്ല സംസ്ഥാന സർക്കാർ നടത്തിയത്. കർണാടക സർക്കാർ അയച്ച കത്തിന് മറുപടി നൽകാൻ പോലും കേരളം തയാറായില്ലെന്നത് ഗുരുതരമായ സാഹചര്യമാണ്. ചീഫ് സെക്രട്ടറി നടത്തിയ കത്തിടപാടിന് മറുപടി കിട്ടാത്തതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് കത്തെഴുതേണ്ടി വന്നത് എത്രമാത്രം അപമാനകരമാണ്. സഹായം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതിന് തുല്യമായ കുറ്റമാണ് സംസ്ഥാന സർക്കാരും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എത്ര ലാഘവത്തോടെയാണ് കേരള സർക്കാർ വയനാട് പുനരധിവാസത്തെ കാണുന്നത് എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ട. വീടും സ്ഥലവും നഷ്ട്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വേദന സർക്കാർ അവഗണിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ഒന്നുകിൽ വീടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നൽകുക. അല്ലെങ്കിൽ വീടുകൾ വാഗ്ദാനം ചെയ്തവർക്ക് സ്വന്തം നിലയിൽ സ്ഥലം വാങ്ങി വീട് നിർമ്മിക്കുന്നതിന് അനുമതി നൽകണം. സർക്കാരിന്റെ ഉദാസീനത പുനരധിവാസ പ്രവർത്തനങ്ങളെ പിറകോട്ട് വലിക്കുകയാണ്. പുനരധിവാസ പ്രവർത്തനങ്ങളിലെ സർക്കാർ നിഷ്‌ക്രിയത്വത്തിനെതിരെ ഡിസംബർ 17ന് ചേരുന്ന യുഡിഎഫ് യോഗം സമരപരിപാടികൾ തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Adjust Story Font
16