അരിവില കുതിച്ചുയരുമ്പോൾ സർക്കാർ നോക്കിനിൽക്കുന്നു; ചെറുവിരലനക്കാൻ പോലും തയ്യാറാവുന്നില്ല: വി.ഡി സതീശൻ
എല്ലാ ദിവസവും തന്റെ മേശപ്പുറത്തെത്തുന്ന വിലവിവര പട്ടിക ഒന്ന് മറിച്ചുനോക്കാൻ പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല. അദ്ദേഹം നിഷ്‌ക്രിയനാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുമ്പോൾ ചെറുവിരലനക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഓണം കഴിഞ്ഞ ശേഷം രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുണ്ടായത്. അരിവില വാണം പോലെ കുതിച്ചുയരുന്നു. മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എല്ലാ ദിവസവും സംസ്ഥാനത്ത അവശ്യസാധനങ്ങളുടെ വില നിലവാരം ലഭിക്കും. അതൊന്ന് മറിച്ചുനോക്കാൻ പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല. മുഖ്യമന്ത്രി നിഷ്‌ക്രിയനായിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പാർട്ടി അണികൾ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും അക്രമം അഴിച്ചുവിടുന്നു. ഡിവൈഎഫ്‌ഐക്കാർ മെഡിക്കൽ കോളജിലെ സെക്യൂരിറ്റിക്കാരിറ്റി ജീവനക്കാരനെ ക്രൂരമായി മർദിച്ചിട്ടും കേസെടുക്കാൻ പോലും പൊലീസ് തയ്യാറാവുന്നില്ല. കുസാറ്റിൽ ഹോസ്റ്റലിൽ കയറി എസ്എഫ്‌ഐക്കാർ വിദ്യാർഥികളെ മർദിച്ചിട്ടും കേസില്ല. ഹോസ്റ്റലിലെ കുട്ടികൾക്കെതിരെയാണ് കേസെടുത്തത്. പാർട്ടിക്കാരെ സർക്കാർ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
നവംബർ മൂന്ന് മുതൽ സർക്കാറിനെതിരെ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സെക്രട്ടേറിയേറ്റ് വളയൽ അടക്കമുള്ള സമര പരിപാടികൾക്കാണ് തയാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവംബർ ഒന്നിന് യുഡിഎഫിന്റെ ലഹരി വിരുദ്ധ പ്രചാരണം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. നവംബർ രണ്ടിന് മഹിളാ കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച് നടക്കും. നവംബർ മൂന്നിന് സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റിലേക്കും കോൺഗ്രസ് മാർച്ച് നടത്തും. നവംബർ എട്ടിന് യുഡിഎഫിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തും. നവംബർ 14 ന് 'നരബലിയുടെ തമസ്സില്‍ നിന്ന് നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്ക്' എന്ന പ്രചാരണ പരിപാടി തുടങ്ങും. നവംബർ 20 മുതൽ 30 വരെ വാഹന പ്രചാരണ ജാഥകൾ നടത്തും. ഡിസംബർ രണ്ടാം വാരത്തിൽ സംസ്ഥാനത്തിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റ് വളയുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
വിഴിഞ്ഞം പ്രക്ഷോഭത്തിൽ സർക്കാർ കാര്യമായി ഇടപ്പെട്ടില്ലെങ്കിൽ പ്രതിപക്ഷം കൂടുതൽ ശക്തമായ നിലപാടുകളുമായി രംഗത്തെത്തുമെന്ന് സതീശൻ മുന്നറിയിപ്പ് നൽകി. സമരക്കാർക്ക് പ്രതിപക്ഷത്തിന്റെ ഐക്യദാർഢ്യമുണ്ട്. സമരക്കാരുമായി നേരിട്ട് ചർച്ചയ്ക്ക് മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16