'നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റി'; നിയമസഭാ സെക്രട്ടേറിയറ്റിനെതിരെ പ്രതിപക്ഷനേതാവ്
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ആരോപണം, പൊലീസിലെ ക്രിമിനൽ വത്കരണം, മാമി തിരോധാനം, കാഫിർ സ്‌ക്രീൻഷോട്ട് തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റിയത്.
തിരുവനന്തപുരം: നിയമസഭയുടെ 12-ാം സമ്മേളനത്തിലേക്ക് പ്രതിപക്ഷാംഗങ്ങൾ നൽകിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മറ്റിയ നിയമസഭ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ട് മറുപടി ലഭിക്കേണ്ട എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ച, തൃശ്ശൂർ പൂരം കലക്കൽ, കാഫിർ സ്‌ക്രീൻ ഷോട്ട് വിഷയങ്ങളിൽ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നൽകിയ 49 നോട്ടീസുകളാണ് സ്പീക്കറുടെ നിർദേശങ്ങൾക്കും മുൻകാല റൂളിങ്ങുകൾക്കും വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റിയതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
നിയമസഭ നടപടി ചട്ടം 36, സ്പീക്കറുടെ ഒന്നാം നമ്പർ നിർദേശം, ചോദ്യങ്ങൾ എഡിറ്റ് ചെയ്യുന്നതും അനുവദിക്കുന്നതും സംബന്ധിച്ച മുൻകാല റൂളിങ്ങുകൾ എന്നിവക്ക് വിരുദ്ധമായി 49 ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷാംഗങ്ങളുടെ ചോദ്യ നോട്ടീസുകൾ ചട്ടം 38, 39 എന്നിവ പ്രകാരം പരിശോധിച്ച് പൊതുപ്രാധാന്യം പരിഗണിച്ചു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.
പൊലീസിൽ വർഗീയശക്തികളുടെ ഇടപെടൽ, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, എഡിജിപിക്കെതിരായ ആരോപണം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ആരോപണം, പൊലീസിലെ ക്രിമിനൽ വത്കരണം, മാമി തിരോധാനം, കാഫിർ സ്‌ക്രീൻഷോട്ട് തുടങ്ങിയ വിഷയങ്ങളിൽ വിവിധ അംഗങ്ങൾ നൽകിയ ചോദ്യങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റിയത്.
സമീപകാലത്ത് ഉയർന്ന ആരോപണങ്ങളിൽ വസ്തുത ജനാധിപത്യ മാർഗത്തിലൂടെ സഭാതലത്തിൽ ബോധ്യപ്പെടുത്താൻ സർക്കാരിനും സമൂഹത്തിന്റെ പൊതുവികാരം പ്രതിഫലിപ്പിക്കുന്ന ചോദ്യം ഉന്നയിക്കാൻ സാമാജികർക്കും അവസരം നിഷേധിക്കുന്ന രീതിയിൽ വിഷയത്തിന് പൊതു പ്രാധാന്യമില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് കണ്ടെത്തിയതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കാൻ സ്പീക്കർ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അംഗങ്ങൾ മുൻഗണന രേഖപ്പെടുത്തി നൽകുന്ന ചോദ്യ നോട്ടീസുകൾ സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ സാമാജികരുടെ ഓഫീസുമായോ അല്ലെങ്കിൽ അതതു പാർലമെന്ററി പാർട്ടി ഓഫീസുകളുമായോ ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ചട്ടങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായി ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി തന്നെ അനുവദിക്കുന്ന രീതിയാണ് പിന്തുടർന്ന് വരുന്നത്. എന്നാൽ ഇത്രയധികം ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി അഡ്മിറ്റ് ചെയ്തിട്ടും ഒരു നോട്ടീസ് സംബന്ധിച്ച് പോലും അത്തരത്തിൽ ഒരു വ്യക്തത വരുത്തുവാൻ നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാകാതിരുന്നത് ദുരൂഹമാണ്. മേൽപ്പറഞ്ഞ കാര്യങ്ങളിൽ നിന്നും മുഖ്യമന്ത്രിക്കും സർക്കാരിനും സഭാതലത്തിൽ മറുപടി പറയുവാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളിലെ ചോദ്യങ്ങൾ ഒഴിവാക്കുന്നതിന് ബോധപൂർവ്വമായ ശ്രമമാണ് നടന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Adjust Story Font
16