സോളാർ പീഡനക്കേസിലെ സി.ബി.ഐ റിപ്പോർട്ടിൽ അന്വേഷണം വേണം: വി.ഡി സതീശൻ
മുഖ്യമന്ത്രി തീരുമാനിക്കുന്ന അന്വേഷണമാണ് വേണ്ടെന്ന് പറഞ്ഞത്. യു.ഡി.എഫ് കൺവീനർ പറഞ്ഞപ്പോൾ ആശയക്കുഴപ്പമുണ്ടായെന്നും സതീശൻ പറഞ്ഞു.
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സി.ബി.ഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സി.ബി.ഐ റിപ്പോർട്ടിൽ ഒരു യു.ഡി.എഫ് നേതാവിനെക്കുറിച്ച് പോലും പരാമർശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.
മുഖ്യമന്ത്രി തീരുമാനിക്കുന്ന അന്വേഷണമാണ് വേണ്ടെന്ന് പറഞ്ഞത്. യു.ഡി.എഫ് കൺവീനർ പറഞ്ഞപ്പോൾ ആശയക്കുഴപ്പമുണ്ടായി. സി.ബി.ഐ അന്വേഷിക്കണമെന്ന് തന്നെയാണ് നിലപാട്. അതിനായി നിയമപരമായ വഴി ആലോചിക്കും. സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടേണ്ട സാഹചര്യം യു.ഡി.എഫിനില്ലെന്നും സതീശൻ പറഞ്ഞു.
ദല്ലാൾ നന്ദകുമാർ ഇപ്പോഴും സി.പി.എമ്മിന്റെ ആളാണ്. സി.ബി.ഐക്ക് നൽകാത്ത മൊഴി പത്രസമ്മേളനത്തിൽ പറഞ്ഞാൽ ആരെങ്കിലും മുഖവിലക്കെടുക്കുമോ എന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത് മുഖ്യമന്ത്രിയും മറ്റ് സി.പി.എം നേതാക്കളും ഇടപെട്ടിട്ടുണ്ടെന്നാണ്. അതിൽ വി.എസിന്റെ പേരൊന്നുമില്ല. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇന്നലെ വി.എസിന്റെ പേര് കയറ്റിയതെന്നും സതീശൻ പറഞ്ഞു.
Adjust Story Font
16