Quantcast

പനിയും പനി മരണങ്ങളും വർധിക്കുന്നു; ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന്‌ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    21 Jun 2023 8:45 AM GMT

VD Satheeshan letter to CM on fever death
X

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച പനിയും പനി മരണങ്ങളും വർധിക്കുന്നതിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകി. പകർച്ചപ്പനി വ്യാപകമാകുന്നതും പനി മരണങ്ങൾ കൂടുന്നതും കടുത്ത ആശങ്ക ഉയർത്തുന്നതാണ്. സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 മായി ഉയർന്നിരിക്കുകയാണ്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ വർധിക്കുന്നതും പൊതുജനങ്ങളിൽ ഭീതിയുളവാക്കിയിട്ടുണ്ട്. കാലവർഷം സജീവമാകുന്നതിന് മുമ്പ് തന്നെ പനി മരണങ്ങൾ ക്രമാതീതമായി വർധിക്കുന്നത് പരിശോധന്ക്ക് വിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ച് മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് കത്തിൽ ആവശ്യപ്പെട്ടു.

കത്തിന്റെ പൂർണരൂപം:

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നതും പനി മരണങ്ങൾ കൂടുന്നതും കടുത്ത ആശങ്ക ഉയർത്തുന്നതാണ്. സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 മായി ഉയർന്നിരിക്കുകയാണ്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ വർധിക്കുന്നതും പൊതുജനങ്ങളിൽ ഭീതിയുളവാക്കിയിട്ടുണ്ട്.

കാലവർഷം സജീവമാകുന്നതിന് മുമ്പ് തന്നെ പനി മരണങ്ങൾ ക്രമാതീതമായി വർധിക്കുന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ച് മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.

സർക്കാരിന്റെ മഴക്കാല പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും ബോധവത്കരണം നടത്താനും സർക്കാർ അടിയന്തര നിർദേശം നൽകണം. സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യത ഉറപ്പാക്കാനും നടപടിയെടുക്കണം.

മാലിന്യസംസ്‌കരണം പൂർണമായി പരാജയപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. പൊതു ഇടങ്ങളിലും വീടുകളിലും മാലിന്യം കെട്ടിക്കിടക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും ഏകോപിച്ചുകൊണ്ട് പകർച്ചപ്പനി തടയാനും പനി മരണങ്ങൾ കുറയ്ക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

TAGS :

Next Story