Quantcast

'ഡി.സി.സി അധ്യക്ഷൻമാരാക്കിയത് നേതാക്കളുടെ പെട്ടിതൂക്കികളെയല്ല, ചര്‍ച്ച നടത്തിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് തെറ്റ്' വി.ഡി സതീശന്‍

'രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകൾ തുല്ല്യമായി വീതം വെക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടതില്ലല്ലോ..?' വി.ഡി സതീശന്‍

MediaOne Logo

Web Desk

  • Updated:

    29 Aug 2021 7:19 AM

Published:

29 Aug 2021 6:52 AM

ഡി.സി.സി അധ്യക്ഷൻമാരാക്കിയത് നേതാക്കളുടെ പെട്ടിതൂക്കികളെയല്ല, ചര്‍ച്ച നടത്തിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് തെറ്റ് വി.ഡി സതീശന്‍
X

ഡി.സി.സി പട്ടികയിൽ ചർച്ച നടത്തയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്ന് പരസ്യ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഇതുപോലെ ചര്‍ച്ച നടത്തിയ കാലമുണ്ടായിട്ടില്ലെന്നും സാമ്പ്രദായിക രീതികളിലുള്ള മാറ്റം തങ്ങള്‍ നല്‍കിയ വാഗ്ദാനമാണെന്നും വി.ഡി സതീശന്‍ ഓര്‍മ്മപ്പെടുത്തി. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകൾ തുല്ല്യമായി വീതം വെക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടതില്ലെന്നും ഇരുനേതാക്കളെയും വിമര്‍ശിച്ചുകൊണ്ട് സതീശന്‍ പറഞ്ഞു.

ഡി.സി.സി പട്ടികയിലെ എതിർപ്പുകളെ തള്ളി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും നേരത്തെ രംഗത്തുവന്നിരുന്നു. പട്ടികയില്‍ ചർച്ച നടന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വാദങ്ങളെ പരസ്യമായി തള്ളിയാണ് സുധാകരന്‍ രംഗത്തുവന്നത്. ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി നിർദേശിച്ച പേരുകളുടെ പട്ടികയും വാർത്താസമ്മേളനത്തില്‍ സുധാകരന്‍ ഉയർത്തിക്കാട്ടി.ചെന്നിത്തല ഒരു ജില്ലയിലേക്ക് രണ്ട് വീതം പേരുകള്‍ നിർദേശിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് കാര്യങ്ങള്‍ തീരുമാനിച്ച കാലമുണ്ടായിരുന്നു.അന്നത്തേക്കാള്‍ മെച്ചമാണ് ഇപ്പോഴത്തെ കാര്യങ്ങളെന്നും സുധാകരന്‍ അവകാശപ്പെട്ടു.

എല്ലാവരേയും തൃപ്തിപ്പെടുത്തി ലിസ്റ്റ് പ്രഖ്യാപിക്കാൻ പറ്റില്ലെന്ന് വി.ഡി സതീശന്‍ തുറന്നടിച്ചു. വൈകിയെന്ന് വിമർശിക്കുന്നവർ ഒരു വർഷം വരെയൊക്കെ ഇരുന്നാണ് പട്ടിക പൂര്‍ത്തിയാക്കിയിട്ടുള്ളത്. താരിഖ് അൻവറും രാഹുൽ ഗാന്ധിയും മുതിര്‍ന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകള്‍ അതുപോലെ കൊടുക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടല്ലോ. ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റിന്‍റെ പൂർണ ഉത്തരവാദിത്തം കെ സുധാകരനും ഞാനും ഏറ്റെടുക്കുന്നെന്നും സതീശന്‍ പറഞ്ഞു.

സാമ്പ്രദായിക രീതിയിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം. ഒരു വിവാദത്തിന്‍യും ആവശ്യം ഇപ്പോഴില്ല. ഡി.സി.സി പ്രസിഡന്‍റുമാർ പെട്ടിത്തൂക്കികളാണെന്ന് പറയുന്ന ആളുകളോട് എന്ത് വിശദീകരണമാണ് ചോദിക്കേണ്ടത്..? ഇത്തരം കാര്യങ്ങളനുവദിച്ചു കൊടുത്താൽ പിന്നെന്താണ് ഈ പാർട്ടിയിൽ സംഭവിക്കുകയെന്ന് ആലോചിച്ച് നോക്കൂ...

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി ഇങ്ങനെയൊരു പ്രതികരണം നടത്താന്‍ പറയാൻ പാടില്ലായിരുന്നു. അവർ മുമ്പെടുത്ത തീരുമാനങ്ങളിൽ ഒരുപാട് പേർക്ക് അതൃപ്തിയുണ്ടായിരുന്നു. അന്നെല്ലാം അതംഗീകരിച്ചാണ് മറ്റുള്ളവർ മുന്നോട്ട് പോയത്. അതെങ്കിലും അവര്‍ മനസിലാക്കണമായിരുന്നു. നേതൃത്വം മാറിയത് ഇനിയെങ്കിലും അംഗീകരിക്കണം. പതിനെട്ട് വര്‍ഷം അവര്‍ രണ്ട് പേരും മാത്രമായി തീരുമാനിച്ചതല്ലേ. ഇനി പുതിയ നേതത്വത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാവണം. ഇനിയും പഴയതുപോലെ എല്ലാം വീതംവെച്ച് കൊടുക്കാന്‍ കഴിയില്ലല്ലോ. പ്രതിപക്ഷ നേതാവ് പറഞ്ഞു

അതേമസമയം കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന പൊട്ടിത്തെറിയില്‍ ഹൈക്കമാന്‍ഡ് അതൃപ്തി പ്രകടമാക്കി ഡി.സി.സി പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം നേതാക്കൾ അംഗീകരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ ആവശ്യം.ഡി.സി.സി പ്രസിഡന്‍റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സ്ഥിതി വഷളാകുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം പട്ടികയിലെ അതൃപ്തി വ്യക്തമാക്കി രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ തന്നെ വെടി പൊട്ടിച്ചതോടെയാണ് ഹൈക്കമാന്‍ഡിന് തന്നെ ഇക്കാര്യത്തില്‍ ഇടപെടേണ്ടി വന്നത്.

നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ ഹൈക്കമാന്‍ഡ് വ്യക്തമായ അതൃപ്തി രേഖപ്പെടുത്തി. ഹൈക്കമാന്‍ഡിന്‍റേതാണ് അന്തിമ തീരുമാനമെന്നും അത് നേതാക്കൾ അംഗീകരിക്കണമെന്നും കേന്ദ്ര നേതൃത്വം പറഞ്ഞു. ഇത്തരം കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസം മാധ്യമങ്ങളിലൂടെയല്ല പാർട്ടിയ്ക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

TAGS :

Next Story