മുനമ്പം വഖഫ് ഭൂമിയല്ല; വർഗീയ ചേരിതിരിവിന് സംഘ്പരിവാർ ശ്രമം: വി.ഡി സതീശൻ
താമസക്കാരെ കുടിയൊഴിപ്പിക്കേണ്ടെന്ന് മുഴുവൻ മുസ്‌ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ അതെങ്ങനെയാണ് വർഗീയ പ്രശ്‌നമാകുന്നതെന്ന് സതീശൻ ചോദിച്ചു.
പാലക്കാട്: മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വഖഫാണെന്ന് പറയുന്ന സമയത്ത് അവിടെ ആളുകൾ താമസിക്കുന്നുണ്ട്. ആളുകൾ താമസിക്കുന്ന ഭൂമി വഖഫ് ഭൂമിയാക്കാൻ പറ്റില്ല. ഫാറൂഖ് കോളജ് മാനേജ്‌മെന്റ് ഈ ഭൂമി ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചുകൊടുക്കണമെന്ന് പറയുന്നുണ്ട്. വഖഫിൽ അങ്ങനെ നിബന്ധന പാടില്ല. ഫാറൂഖ് കോളജ് മാനേജ്‌മെന്റ് പണം വാങ്ങി ആ ഭൂമി വിറ്റതാണെന്നും സതീശൻ പറഞ്ഞു.
വിഎസ് സർക്കാരിന്റെ കാലത്ത് നിസാർ കമ്മീഷനാണ് ഇത് വഖഫ് ഭൂമിയാണെന്ന് ആദ്യം പറഞ്ഞത്. തങ്ങൾ ആഴത്തിൽ പഠിച്ചിട്ടില്ലെന്നും അതേ കമ്മീഷൻ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. 2021ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് വീണ്ടും പ്രശ്‌നം സജീവമായത്.
അവിടത്തെ താമസക്കാരെ കുടിയൊഴിപ്പിക്കേണ്ടെന്ന് മുഴുവൻ മുസ്‌ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ അതെങ്ങനെയാണ് വർഗീയ പ്രശ്‌നമാകുന്നതെന്ന് സതീശൻ ചോദിച്ചു. സംഘ്പരിവാറാണ് ഇത് വർഗീയ പ്രശ്‌നമാക്കാൻ ശ്രമിക്കുന്നത്. സർക്കാർ ഒളിച്ചുകളിക്കരുത്. സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
Adjust Story Font
16