Quantcast

ആരോഗ്യമന്ത്രിയെ കുവൈത്തിൽ എത്തിക്കണമായിരുന്നു, കേന്ദ്രത്തിന്റേത് ആവശ്യമില്ലാത്ത സമീപനം: വി.ഡി സതീശൻ

"സംസ്ഥാനത്തിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നുവെങ്കിൽ മലയാളി സംഘടനകളെയൊക്കെ ഏകോപിപ്പിച്ച് കുറേക്കൂടി കാര്യങ്ങൾ ചെയ്യാനാകുമായിരുന്നു"

MediaOne Logo

Web Desk

  • Updated:

    2024-06-14 14:12:54.0

Published:

14 Jun 2024 2:11 PM GMT

VD Stheeshan condemns veena george denied permission to fly to kuwait
X

കൊച്ചി: കുവൈത്തിലേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് കേന്ദ്ര സർക്കാർ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാഞ്ഞത് തെറ്റായ സന്ദേശമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിനിധിയെ അയയ്ക്കാൻ സംസ്ഥാ സർക്കാർ തീരുമാനിച്ചപ്പോൾ തന്നെ ക്ലിയറൻസ് നൽകി അവരെ അവിടെ എത്തിക്കണമായിരുന്നുവെന്നും കേന്ദ്രത്തിന്റേത് അനാവശ്യ സമീപനമാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

"അവിശ്വസനീയമായ അപകടമാണ് കുവൈത്തിലുണ്ടായത്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇത്രയും പേരുടെ മൃതശരീരങ്ങൾ ഒന്നിച്ച് ഏറ്റുവാങ്ങേണ്ട ദൗർഭാഗ്യം കേരളത്തിനുണ്ടായിരിക്കുന്നു. ചിന്തിക്കാൻ പോലും കഴിയാത്ത ദുരന്തം. മക്കളെയും കുടുംബത്തെയും പോറ്റുന്നതിന് വേണ്ടി വിദേശത്ത് പോയി കഷ്ടപ്പെട്ടവർക്കാണ് ദാരുണാന്ത്യമുണ്ടായത്. കുടുംബങ്ങളുടെ വിവരിക്കാൻ കഴിയാത്ത ദുഖത്തിൽ എല്ലാവരും പങ്കുചേരുന്നു.

കുവൈത്തിലേക്ക് പോകുന്നതിന് സംസ്ഥാന ആരോഗ്യമന്ത്രിക്ക് കേന്ദ്ര സർക്കാർ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാതിരുന്നത് ദൗർഭാഗ്യകരം എന്നേ പറയാനാകൂ. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ കേന്ദ്ര- സംസ്ഥാന പ്രതിനിധികൾ അവിടെ ഉണ്ടാകുകയെന്നത് ഏറ്റവും പ്രധാനമാണ്. സംസ്ഥാനത്തിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നുവെങ്കിൽ മലയാളി സംഘടനകളെയൊക്കെ ഏകോപിപ്പിച്ച് കുറേക്കൂടി കാര്യങ്ങൾ ചെയ്യാനാകുമായിരുന്നു. പ്രതിനിധിയെ അയയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ തന്നെ ക്ലിയറൻസ് നൽകി അവരെ അവിടെ എത്തിക്കാനുള്ള സൗകര്യമായിരുന്നു കേന്ദ്ര സർക്കാർ ചെയ്യേണ്ടിയിരുന്നത്. ഇത്തരം ഘട്ടങ്ങളിൽ ആവശ്യമില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതിനോട് യോജിക്കാനാകില്ല". വി.ഡി സതീശൻ പറഞ്ഞു.

ആരോഗ്യമന്ത്രിക്ക് അനുമതി നൽകാത്തത് ദൗർഭാഗ്യകരമാണെന്നും വിഷയത്തെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. വിഷയം അനാവശ്യ വിവാദമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതികരിച്ചു. ഇന്നലെ ചേർന്ന അടിയന്തര മന്ത്രി സഭാ യോഗത്തിലായിരുന്നു ആരോഗ്യ മന്ത്രിയെ കുവെത്തിലേക്ക് അയക്കാനുള്ള തീരുമാനം.. രാത്രി എട്ടരയോടെ മന്ത്രി കൊച്ചി വിമാനത്താവളത്തിലെത്തിയെങ്കിലും കേന്ദ്രത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിച്ചില്ല. ഇതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു

TAGS :

Next Story