പാംപ്ലാനിയുടെ പ്രതികരണത്തെ തള്ളാനും കൊള്ളാനുമില്ല: വെള്ളാപ്പള്ളി നടേശൻ
'ഞാനാണ് ഇത് പറഞ്ഞിരുന്നെങ്കിൽ ആക്രമിക്കപ്പെടുമായിരുന്നു'
ആലപ്പുഴ: റബ്ബറിന് മുന്നൂറ് രൂപ താങ്ങുവില നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രതികരണത്തെ തള്ളാനും കൊള്ളാനുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷേ താനാണ് ഇത് പറഞ്ഞിരുന്നെങ്കിൽ ആക്രമിക്കപ്പെടുമായിരുന്നു. വിലപേശാനുള്ള ശക്തിയും ഐക്യവും ബിഷപ്പിന്റെ സമുദായത്തിനുണ്ട്. ബിഷപ്പിന്റെ പരാമർശത്തിൽ ആരും കാര്യമായി പ്രതികരിച്ചില്ല. വിമോചന സമരത്തെ കുറിച്ചുള്ള ഭയം ഇടതുപക്ഷത്തിന് ഉണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി. ജെ.പിയെ സഹായിക്കുമെന്നായിരുന്നു ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞത്. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.
Adjust Story Font
16