സാധാരണ രാഷ്ട്രീയ കൊലപാതകം മാത്രമെന്ന് പ്രതിഭാഗം; രൺജിത് കേസിൽ വിധി വ്യാഴാഴ്‌ച
കേസിൽ പ്രതികൾക്ക് പറയാനുള്ളത് കേൾക്കുമെന്ന് കോടതി.
ആലപ്പുഴ: രൺജിത് ശ്രീനിവാസൻ കൊലക്കേസിൽ വ്യാഴാഴ്ച വിധി പറയും. കേസിൽ പ്രതികൾക്ക് പറയാനുള്ളത് കേൾക്കും. പ്രതികളുടെ മാനസികാരോഗ്യ റിപ്പോർട്ടും ഹാജരാക്കാൻ കോടതി നിർദേശിച്ചു. മാവേലിക്കര .അഡീ. സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് കേസ് പരിഗണിച്ചത്.
സാധാരണ രാഷ്ട്രീയ കൊലപാതകം മാത്രമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിൽ ക്രിമിനൽ ഗൂഡാലോചന നടന്നിട്ടില്ല. പ്രതികൾ ആദ്യമായാണ് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത്. എന്നാൽ, മൃഗീയ കൊലപാതകം എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ, കേസ് അപൂർവങ്ങളിൽ അപൂർവം അല്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
പ്രതികൾ നിരോധിത തീവ്രവാദ സംഘടനയുടെ അംഗങ്ങളാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. രണ്ടുമണിക്കൂറോളം നീണ്ട കനത്ത വാദപ്രതിവാദങ്ങൾക്കൊടുവിൽ കേസ് കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റുകയായിരുന്നു. കേസ് പരിഗണിക്കും മുൻപ് പതിനഞ്ച് പ്രതികളെയും കേൾക്കുമെന്നും അവരുടെ നിലവിലെ മാനസികനില സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
2021 ഡിസംബർ 19ന് പുലർച്ചെയാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിനെ കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ നേതാവായിരുന്ന മുഹമ്മദ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ കൊലപ്പെടുത്തിയത്.
Adjust Story Font
16