എഡിഎമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യക്ക് ഇന്ന് നിർണായകം, മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ജാമ്യമില്ലാക്കുറ്റം ചുമത്തി 13 ദിവസമാകുമ്പോഴും ദിവ്യ ഒളിവിൽ തുടരുകയാണ്
കണ്ണൂര്‍: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യാ കേസിൽ പി.പി ദിവ്യക്ക് ഇന്ന് നിർണായകം. മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ വിധി പറയും. ജാമ്യമില്ലാക്കുറ്റം ചുമത്തി 13 ദിവസമാകുമ്പോഴും ദിവ്യ ഒളിവിൽ തുടരുകയാണ്.
അഴിമതിക്കെതിരായ സന്ദേശം നൽകാൻ ശ്രമിച്ചെന്നായിരുന്നു ദിവ്യയുടെ പ്രധാനവാദം. ആസൂത്രിതമായ വ്യക്തിഹത്യ മരണകാരണമായെന്ന് പ്രോസിക്യൂഷനും വാദിച്ചു. നവീൻ ബാബുവിന്‍റെ കുടുംബവും കേസിൽ കക്ഷി ചേർന്നിരുന്നു. വിധിയെതിരായാൽ കോടതിയിലോ അന്വേഷണ സംഘത്തിന് മുന്നിലോ ദിവ്യ കീഴടങ്ങിയേക്കുമെന്നാണ് സൂചന. വിധിക്കായി ഇതുവരെ കാത്തിരുന്ന അന്വേഷണ സംഘത്തിന്‍റെ തുടർ നീക്കങ്ങളും ശ്രദ്ധേയമാണ്.
അതേസമയം ദിവ്യക്കെതിരായ സിപിഎമ്മിന്‍റെ തുടർ നടപടി മുൻകൂർ ജാമ്യേപേക്ഷയിൽ തീരുമാനം വന്നശേഷം മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. കേസ് നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചനയുണ്ട്. ഇരിണാവിലെ വീട്ടിൽനിന്ന് ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്.
Adjust Story Font
16