Quantcast

'80 കോടി വിലയുള്ള 325 കിലോ സ്വർണം കൊണ്ടുവന്നിരുന്നു, അതിനായാണ് തട്ടിക്കൊണ്ടുപോയത്'; താമരശ്ശേരി സ്വദേശിയുടെ വീഡിയോ

സംഘം തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസത്തിന് ശേഷമാണ് ഇയാളുടെ വീഡിയോ പുറത്തുവന്നത്

MediaOne Logo

Web Desk

  • Published:

    13 April 2023 10:09 AM GMT

abductionofexpatShafifromThamarassery, abductionofexpatfromParappanpoyil, expatShafi
X

Shafi

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയ താമരശ്ശേരി സ്വദേശി ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. 80 കോടി രൂപ വില വരുന്ന 325 കിലോ സ്വർണം താനും സഹോദരനും വിദേശത്ത് നിന്ന് കൊണ്ടുവന്നിരുന്നുവെന്നാണ് ഷാഫി ഈ വീഡിയോയിൽ പറയുന്നത്. ഈ സ്വർണത്തിനായാണ് തന്നെ തട്ടിക്കൊണ്ടുവന്നതെന്നും ഷാഫി വീഡിയോയിൽ പറഞ്ഞു.

എത്രയും പെട്ടെന്ന് തന്നെ റിലീസാക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘം തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസത്തിന് ശേഷമാണ് ഇയാളുടെ വീഡിയോ പുറത്തുവന്നത്. കർണാടകയിലേക്ക് അയാളെ കൊണ്ടുപോയതായാണ് വിവരം. സൗദിയിൽനിന്ന് കൊണ്ട് വന്ന സ്വർണത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോകൽ. പൊലീസ് നടപടികൾ ആവശ്യപ്പെട്ട് മുന്നോട്ട് പോകരുതെന്ന സൂചനയും ഷാഫി വീഡിയോയിൽ നൽകുന്നുണ്ട്. വീഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, ഷാഫിയെ കണ്ടെത്താൻ കാസർകോട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ വാടകയ്ക്ക് കൊടുത്തയാൾ കസ്റ്റഡിയിലാണ്. ഇയാളെ താമരശ്ശേരിയിൽ എത്തിച്ച് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഷാഫിയുടെ മൊബൈൽ ഫോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കരിപ്പൂർ വിമാനത്താവള കവാടത്തിന് 200 മീറ്റർ അകലെ പെട്ടിക്കടയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഷാഫിയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ അവസാനമായി കരിപ്പൂരിലാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു പെട്ടിക്കടയിൽ ഷാഫിയുടെ ഫോൺ കണ്ടെത്തിയത്. ഫോൺ ഇവിടെ ഉപേക്ഷിച്ച് പോയതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഫോൺ ഈ ഭാഗത്ത് ഉപേക്ഷിച്ച് പോയതെന്നും സംശയമുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

കേസിൽ പരപ്പൻപൊയിൽ സ്വദേശി നിസാർ, പൂനൂർ നേരോത്ത് സ്വദേശി അജ്‌നാസ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് താമരശ്ശേരി പരപ്പൻപൊയിലിലെ വീട്ടിൽ നിന്ന് ഷാഫിയെയും ഭാര്യ സനിയയെയും നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. എന്നാൽ കുറച്ചു ദൂരം പിന്നിട്ട ശേഷം സനിയയെ വഴിയിൽ ഇറക്കി വിട്ട് സംഘം ഷാഫിയെയും കൊണ്ട് രക്ഷപെട്ടു. ഷാഫിയെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. തട്ടിക്കൊണ്ടു പോകലിന് ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ വീട്ടിലെത്തി തർക്കമുണ്ടാക്കിയതിനാണ് നിസാറിനെയും അജ്നാസിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകലുമായി ഇരുവർക്കും ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.



video message of Shafi, a native of Thamarassery, who was abducted by a gang from Thamarassery, is out

TAGS :

Next Story