സ്വപ്ന സുരേഷിനെതിരായ കേസുകളിൽ പിടിമുറുക്കി സര്‍ക്കാര്‍
സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിനൊപ്പം വിജിലൻസും കോടതിയിലെത്തി
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ കേസുകളിൽ സംസ്ഥാന സർക്കാരും പിടിമുറുക്കുന്നു. സ്വപ്നയുടെ രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിനൊപ്പം വിജിലൻസും കോടതിയിലെത്തി. പാലക്കാട് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹരജി ഇന്ന് ഹൈക്കോടതിയിലെത്തിയേക്കും.
സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട വിവാദങ്ങളുയർന്നതോടെ ലൈഫ് മിഷനടക്കമുള്ള കേസുകൾ വീണ്ടും സജീവമാക്കി നിർത്താൻ സർക്കാർ തീരുമാനിച്ചു. ലൈഫ് മിഷൻ അഴിമതിക്കേസിൽ സ്വപ്നയ്ക്കെതിരായ അന്വേഷണം ഊർജിതമാക്കുന്നതിനായി രഹസ്യ മൊഴിപ്പകർപ്പ് തേടി വിജിലൻസും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ചിനൊപ്പം വിജിലൻസ് ആവശ്യവും കോടതി തള്ളി. സ്വപ്ന നൽകിയ രഹസ്യമൊഴിയിൽ ലൈഫ് മിഷൻ കരാർ ക്രമക്കേടുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് വിജിലൻസിന്‍റെ ആവശ്യം. സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു.
വടക്കാഞ്ചേരിയിൽ റെഡ്ക്രസന്‍റ് സഹായത്തോടെയുള്ള ഭവന നിർമാണത്തിനായി ഉദ്യോഗസ്ഥരും സ്വർണക്കടത്ത് കേസിലെ പ്രതികളും നാലരക്കോടി കമ്മീഷൻ പറ്റിയെന്നായിരുന്നു കേസ്. ഇതിനിടെ തനിക്കെതിരെ പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത ജാമ്യമില്ലാ വകുപ്പുകളിലെ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകിയേക്കും. മതനിന്ദക്കുറ്റം ചുമത്തിയുള്ള കേസിൽ സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണ രാജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.
Adjust Story Font
16