''എന്തിനാ എല്ലാരും കാറിൽ പോകുന്നത്, നടന്നു പോയാ പോരേ?''; റോഡിൽ സ്‌റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് എ. വിജയരാഘവൻ
സോഷ്യലിസ്റ്റ് സമൂഹത്തെ സൃഷ്ടിക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. ഈ നാടിന്റെ വിമോചനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും വിജയരാഘവൻ പറഞ്ഞു.
കുന്നംകുളം: വഞ്ചിയൂരിൽ സിപിഎം ഏരിയാ സമ്മേളനത്തിന് റോഡിൽ സ്‌റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. ഗ്രൗണ്ട് കിട്ടാത്തതുകൊണ്ടാണ് റോഡ് വക്കിൽ ഒരു സ്‌റ്റേജ് കെട്ടിയത്. അപ്പോഴേക്കും സുപ്രിംകോടതിയിൽ പോയി. അല്ലെങ്കിൽ നാട്ടിൽ ട്രാഫിക് ജാമില്ലേ എന്നും വിജയരാഘവൻ ചോദിച്ചു.
''ഗ്രൗണ്ട് കിട്ടാത്തതുകൊണ്ട് റോഡ് വക്കത്ത് ഒരു സ്‌റ്റേജ് കെട്ടി. അതിന്റെ പേരിൽ കേസെടുക്കാൻ സുപ്രിംകോടതിയിൽ പോയി. അല്ലെങ്കിൽ നാട്ടിൽ ട്രാഫിക് ജാമില്ലേ? 10 കാർ പോകാൻ എത്ര സ്ഥലം വേണം? ഇവരെല്ലാരും കൂടി കാറിൽ പോകേണ്ട കാര്യണ്ടോ, നടന്ന് പോയാ പോരേ? പണ്ടൊക്കെ നമ്മൾ നടന്നുപോകാറില്ലേ? ഇത്ര വല്യ കാറ് വേണോ? ചെറിയ കാറിൽ പോയാ പോരേ? 25 കാറ് കിടക്കുമ്പോ ആലോചിക്കേണ്ടത് 25 കാറ് കിടക്കുന്നു എന്നല്ല, 25 ആള് കിടക്കുന്നു എന്നാണ്. ഞായറാഴ്ച തിരക്ക് കൂടുതലാണ്. അമ്മായിമ്മനെ കാണാൻ പോകാണ്. വർത്താനം പറയാനും സല്ലപിക്കാനുമാണ് പലരും പോകുന്നത്. അത്യാവശ്യക്കാർ കുറവായിരിക്കും. കാറിൽ പോകുന്നതിന് ഞാൻ എതിരല്ല, എന്നാൽ പാവപ്പെട്ടവന് സമ്മേളനം നടത്താനും കുറച്ച് സ്ഥലം അനുവദിച്ചു തരണം''-കുന്നംകുളം ഏരിയാ സമ്മേളനത്തിൽ വിജയരാഘവൻ പറഞ്ഞു.
സോഷ്യലിസ്റ്റ് സമൂഹത്തെ സൃഷ്ടിക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. ഈ നാടിന്റെ വിമോചനം സാധ്യമാക്കുകയാണ് ലക്ഷ്യം. കമ്മ്യൂണിസ്റ്റ് ജീവിതം പാവപ്പെട്ടവന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. സമൂഹത്തിന്റെ പൊതുബോധത്തെ പുരോഗമനപരമായി പരിവർത്തിപ്പിക്കാനുള്ള ചർച്ചകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിലുണ്ടാവും.
മരിച്ചുപോയാലുള്ള കാര്യം മാത്രമേ ചിലർ പറയൂ. അവർ ഇരുന്ന് ചർച്ച ചെയ്യുന്നത് നരകമെങ്ങനെ എന്നാണ്. ഇന്ന് ആളുകൾക്ക് ആയുർദൈർഘ്യം കൂടി. 20 കൊല്ലം കഴിഞ്ഞാൽ ശരാശരി ആയുസ് 100 ആവും. പിന്നെ ഒരു 25 വയസ്സ് കഴിഞ്ഞാൽ അത് 150 ആവും. അങ്ങനെ പോയാൽ പിന്നെ നരകത്തെ പേടിക്കേണ്ടിവരില്ല. ശാസ്ത്രപുരോഗതിയാണ് ഇതിനെല്ലാം കാരണമെന്നും വിജയരാഘവൻ പറഞ്ഞു.
Adjust Story Font
16