Quantcast

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മുസ്‌ലിംലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ കേസ്

കണ്ടാലറിയുന്ന പതിനായിരം പേരിൽ ഒന്നാമതായി പീച്ചിമണ്ണിൽ അബ്ദുസ്സലാം എന്ന് എഴുതണമെന്ന് അഭ്യർത്ഥിക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം

MediaOne Logo

Web Desk

  • Updated:

    2021-12-11 06:59:39.0

Published:

11 Dec 2021 5:20 AM GMT

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മുസ്‌ലിംലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ കേസ്
X

കോഴിക്കോട് നടന്ന മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പൊലിസ് കേസെടുത്തു. നേതാക്കൾക്കും കണ്ടാലറിയാവുന്ന 10,000 പ്രവർത്തകർക്കുമെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

എന്നാൽ കണ്ടാലറിയുന്ന പതിനായിരം പേരിൽ ഒന്നാമതായി പീച്ചിമണ്ണിൽ അബ്ദുസ്സലാം എന്ന് എഴുതണമെന്ന് അഭ്യർത്ഥിക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, വഖഫ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുസ്‌ലിംലീഗിനെതിരെ നടത്തിയ വിമർശനത്തിൽ അതേ നാണയത്തിൽ എംകെ മുനീർ തിരിച്ചടിച്ചു. പിണറായിയുടെ തിട്ടൂരം എകെജി സെന്ററിൽ മതിയെന്നും ലീഗിന്റെ തലയിൽ കയറേണ്ടെന്നും മുനീർ പറഞ്ഞു. ലീഗിന്റെ മഹാ സമ്മേളം കണ്ട് പിണറായിക്ക് സ്ഥലകാല ഭ്രമം സംഭവിച്ചിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. 'മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന് ചോദിക്കുന്ന പിണറായി വിജയനോട് ഞങ്ങൾക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് അദ്ദേഹം കമ്യൂണിസ്റ്റാണോ എന്നാണ്. കമ്യൂണിസത്തിന്റെ പഴയകാല നിർവചനങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ കമ്യൂണിസ്റ്റ് അല്ല എന്നാണ് ഞങ്ങളൊക്കെ വിശ്വസിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലുള്ള അണികളിൽ ഭൂരിഭാഗം വിശ്വസിക്കുന്നത് അതാണ്.'- മുനീർ പറഞ്ഞു.

'വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനം ഏതെങ്കിലും പള്ളികളിൽ എടുത്തതാണോ? അത് നിയമസഭയിൽ എടുത്തതല്ലേ? നിയമസഭയിലെ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിൽ ഞങ്ങൾ മിണ്ടരുത് എന്നാണോ അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ തിട്ടൂരം വേറെ ആളുകളോട് കാണിച്ചോട്ടെ. മുസ്‌ലിം ലീഗിന്റെ തലയിൽ കയറേണ്ട. ഞങ്ങളുടെ മഹാസമ്മേളനം കണ്ട് വിഭ്രാന്തി പൂണ്ടിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന് സ്ഥലകാല ഭ്രമം സംഭവിച്ചിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതു മുഴുവൻ വാസ്തവ വിരുദ്ധമാണ്. നിയമസഭയിൽ വഖഫ് നിയമം നിരാകരിക്കണമെന്ന പ്രമേയമാണ് ഞങ്ങൾ കൊണ്ടുവന്നത്. കേസു കാണിച്ച് ഞങ്ങളെ ഭയപ്പടുത്തേണ്ട.' - മുനീർ കൂട്ടിച്ചേർത്തു.

പിണറായി പറഞ്ഞത്

കഴിഞ്ഞ ദിവസം സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ പ്രതിനിധി സമ്മേനം ഉദ്ഘാടനം ചെയ്യുവെയാണ് പിണറായി വിജയൻ മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ചിരുന്നത്. 'വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചത് വഖഫ് ബോർഡ് ആണ്. അത് സർക്കാർ അംഗീകരിച്ചെന്നും ആ ചർച്ചയിൽ ലീഗ് നേതാക്കളും പങ്കെടുത്തിരുന്നതായും പിണറായി പറഞ്ഞു. ഇപ്പോൾ ഉള്ള ആളുകളുടെ ജോലി സംരക്ഷിക്കണം എന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം. ജിഫ്രി തങ്ങളോടും കാന്തപുരത്തോടും ചർച്ച നടത്തി. അവർക്ക് കാര്യം മനസ്സിലായി. ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. സർക്കാരിന് ഇക്കാര്യത്തിൽ ഒരു പിടിവാശിയും ഇല്ല. ഇപ്പോൾ എന്തായാലും നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചിട്ടില്ല. എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ ബാക്കി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകൂ'- പിണറായി പറഞ്ഞു. ഞങ്ങളുടെ കൂടെയും മുസ്ലിം വിഭാഗക്കാർ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് എൽ.ഡി.എഫിന് ഉണ്ടായ വളർച്ച നോക്കൂ, ആ വോട്ടിങ് പാറ്റേൺ നോക്കിയാൽ മനസിലാകില്ലേ...? ലീഗിനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി നിങ്ങൾ മത സംഘടനയാണോ രാഷ്ട്രീയ പാർട്ടിയാണോയെന്ന കാര്യത്തിൽ ആദ്യം തീരുമാനിക്ക് എന്നിട്ടാകാം ബാക്കിയെന്നും തുറന്നടിച്ചിരുന്നു. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനില്ലെന്നും പിണറായി പറഞ്ഞിരുന്നു.

TAGS :

Next Story