സ്ത്രീകള്‍ക്കെതിരായ അതിക്രമം; വനിതാ കമ്മീഷന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നു
ഇതിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്കുളള പരിശീലനം ആരംഭിച്ചു
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വനിതാ കമ്മീഷന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്കുളള പരിശീലനം ആരംഭിച്ചു.
ജാഗ്രതാ സമിതികള്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്ന നിരവധി പരാതികളാണ് വനിതാ കമ്മീഷന് മുന്നിലേക്ക് എത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ജാഗ്രതാ സമിതികള്‍ വന്നു കഴിഞ്ഞാല്‍ വനിതാ കമ്മീഷന്‍റെ അധികഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. ജില്ലാതല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനവും ഇനി മുതല്‍ ഊര്‍ജിതമാക്കും.
വാര്‍ഡുകള്‍ക്ക് കീഴില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുകയാണ് ആദ്യഘട്ടം. ഇതിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരും അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. ജാഗ്രതാ സമിതികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പുതുക്കിയ മാര്‍ഗരേഖ ഉടന്‍ തയ്യാറാക്കും.
Adjust Story Font
16