Quantcast

'ഒറ്റത്തടിപ്പാലം ഇരട്ടത്തടിയാക്കിയ വികസന നായകൻ'; ഉമ്മൻ ചാണ്ടിക്ക് വച്ചത് കൊണ്ടത് മന്ത്രി വാസവന്-ഉപതെരഞ്ഞെടുപ്പ് ചൂടിനിടയിലെ പാലം വിവാദം

ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർത്തിയ സി.പി.എം നേതാവ് കെ. അനിൽ കുമാറിന്റെ സഹോദരൻ അജയൻ കെ. മേനോൻ ആണ് പഞ്ചായത്ത് പ്രസിഡന്‍റെന്നും രാഹുൽ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2023-08-14 07:04:11.0

Published:

14 Aug 2023 7:00 AM GMT

Viral Puthuppally wooden bridge hits back at CPM amidst the bypoll campaign, Oommen Chandy bridge controversy, Puthuppally-Thiruvarpu bridge controversy, Puthuppally by-election 2023, Chandy Oommen, Jaick C Thomas, VN Vasavan
X

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ ഒരു പാലമാണിപ്പോൾ സോഷ്യൽ മീഡിയയിലെങ്ങും. വെറും പാലമല്ല, ഒറ്റത്തടിപ്പാലം! ഉമ്മൻ ചാണ്ടിയുടെ കാലത്തെ പുതുപ്പള്ളിയിലെ വികസന മുരടിപ്പിന്റെ ഉദാഹരണമായി ഇടതു സൈബർ പോരാളികൾ വൈറലാക്കിയതാണു പാലം. എന്നാൽ, കറങ്ങിത്തിരിഞ്ഞ് പാലം സി.പി.എമ്മിന്‍റെ തലയില്‍ തന്നെ പതിച്ചിരിക്കുകയാണിപ്പോള്‍.

ഒറ്റത്തടി കൊണ്ടുള്ള പാലത്തിലൂടെ ഉമ്മൻ ചാണ്ടി നടക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായത്. ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ വികസനം ചർച്ചയാകുന്ന കൂട്ടത്തിലേക്കായിരുന്നു പാലവും എടുത്തിട്ടത്. ദുരന്ത നിവാരണ വിദഗ്ധനും യു.എൻ പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകര വിഭാഗം തലവനുമായ മുരളി തുമ്മാരുകുടി ഉള്‍പ്പെടെ പ്രമുഖരും ചിത്രം പങ്കുവച്ചു.

എന്നാൽ, പെട്ടെന്നാണു കാര്യങ്ങൾ മാറിമറിഞ്ഞത്. വൈറൽ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഫോട്ടോ പകർത്തിയയാൾ തന്നെ രംഗത്തെത്തി. മന്ത്രിയും സി.പി.എം നേതാവുമായ വി.എൻ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിലെ തിരുവാർപ്പ് പഞ്ചായത്തിലാണ് ഈ പാലമുള്ളതെന്നാണു സ്ഥിരീകരിച്ചത്. ഇതോടെ സി.പി.എം പ്രൊഫൈലുകളെല്ലാം പോസ്റ്റ് വലിച്ച് രക്ഷപ്പെട്ടിരിക്കുകയാണ്.

2016 നവംബർ 27ന് തന്റെ മൊബൈലിൽ പകർത്തിയതാണ് വൈറൽ ചിത്രമെന്ന് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ കുഞ്ഞു ഇല്ലംപള്ളി വെളിപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകൻ എം.ഐ വേലുവിന്റെ മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി വധുവിനെ ആശംസകൾ അറിയിക്കാൻ എത്തിയതായിരുന്നു ഉമ്മൻ ചാണ്ടി. തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽനിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം. നീണ്ട വർഷം കോട്ടയം എം.പിയായും പിന്നീട് അവിടത്തെ എം.എൽ.എയായുമെല്ലാം 20-21 വരെ തുടർന്നിരുന്ന സുരേഷ് കുറുപ്പ് ആയിരുന്നു ഈ കാലത്ത് അവിടത്തെ എം.എൽ.എ. 21 മുതൽ മന്ത്രി വാസവനാണെന്നും കുഞ്ഞു വിശദീകരിച്ചു.

ഇതോടെ സി.പി.എമ്മിന്റെ വ്യാജപ്രചാരണങ്ങളുടെ ഉദാഹരണമായി കോൺഗ്രസ് പ്രവർത്തത്തകരും പ്രത്യാക്രമണം തുടങ്ങി. പാലത്തിനടുത്തെത്തി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് ലൈവില്‍ വന്ന് ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർത്തിയ സി.പി.എം നേതാവ് കെ. അനിൽ കുമാറിന്റെ സഹോദരൻ അജയൻ കെ. മേനോൻ ആണ് പഞ്ചായത്ത് പ്രസിഡന്റെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

''കിട്ടിയോ? ഇല്ല..! ചോദിച്ചുവാങ്ങി.. ഇപ്പോൾ എവിടെയാ? എയറിലാ..!! ഇറങ്ങുന്നില്ലേ? അതിന് ആ രാഹുൽ മാങ്കൂട്ടത്തിലും ടീമും സമ്മതിക്കണ്ടേ!!''-ടി സിദ്ദിഖ് എം.എൽ.എ ചിത്രം പങ്കുവച്ച് ഫേസ്ബുക്കിൽ കുറിച്ചു.

ഏതായാലും തെരഞ്ഞെടുപ്പ് ചൂടിനിടെ സി.പി.എം സൈബർ പോരാളികൾ സോഷ്യൽ മീഡിയയിൽ പൊക്കിക്കൊണ്ടുവന്ന വിഷയം തിരിഞ്ഞുകൊത്തിയ അവസ്ഥയിലാണുള്ളത്. ഒറ്റത്തടിപ്പാലം ഇരട്ടത്തടിയാക്കിയ വികസന നായകൻ എന്ന തലക്കെട്ടിൽ മന്ത്രി വാസവന്റെ ചിത്രം വച്ച് സൈബർ കോൺഗ്രസുകാർ ഇത് ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്.

Summary: Viral 'Puthuppally wooden bridge' hits back at CPM amidst the by-poll campaign

TAGS :

Next Story