മഹാമാരിയുടെ പിടിയിലമര്‍ന്ന വറുതിക്കാലത്തിന് വിട; ഇനി സമൃദ്ധിയുടെ വിഷുക്കാഴ്ചകളിലേക്ക്...
വിഷുവെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ കണിയൊരുക്കാനുള്ള തിരക്കിലാണ് മലയാളികള്
തിരുവനന്തപുരം: കോവിഡ് കാലത്തിന്‍റെ തളര്‍ച്ചയില്‍ നിന്നുയര്‍ന്ന് പുതിയൊരു വിഷുക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളി. നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയ ശേഷമുള്ള വിഷു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വിഷുവെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ കണിയൊരുക്കാനുള്ള തിരക്കിലാണ് മലയാളികള്‍.
മഞ്ഞ പുതച്ച കൊന്നമരങ്ങളാണ് വിഷുവെന്ന് കേട്ടാല്‍ മനസില്‍ ആദ്യം ഓടിയെത്തുന്ന ദൃശ്യം. ഓണം കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും അധികം ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്ന്. പുതിയൊരു നല്ല കാലത്തേക്ക് നന്മയും സമ്പല്‍സമൃദ്ധിയും കണി കണ്ടുണരുക എന്നതാണ് വിശ്വാസം. ഒത്തുചേരലിന്‍റെ കൂടി ഉത്സവമായാണ് വിഷുവിനെ കണക്കാക്കുന്നത്. എന്നാല്‍ രണ്ടാണ്ട് കാലമായി ചിത്രം അതല്ല. വീടടച്ചിരുന്ന് കണി കണ്ടും ഓണ്‍ലൈനില്‍ സ്നേഹം പങ്കുവച്ചും മലയാളി വിഷു ആഘോഷിച്ചു. ഉത്രാടപ്പാച്ചിലിനൊപ്പമെത്തുന്ന വിഷുവിന്‍റെ തലേന്നാള്‍ ശോകമൂകമായി. മഹാമാരിയുടെ പിടിയിലമര്‍ന്ന വറുതിക്കാലത്ത് നിന്ന് പൊയ്പ്പോയ ആ വിഷുക്കാലത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് നാടും നാട്ടാരും. വഴിയരികില്‍ ഭക്തരെ കാത്ത് കണ്ണന്‍മാര്‍ റെഡിയാണ്. കണിവെള്ളരിയും വിഷു സ്പെഷ്യല്‍ ഡിസ്കോ മത്തനുമെല്ലാം ഒരുക്കി വ്യാപാരികളും.
കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ വലയ്ക്കുന്നുണ്ട്. പോരാത്തതിന് വിലക്കയറ്റവും. ഇങ്ങനെയൊക്കെയാണെങ്കിലും പ്രതിസന്ധികളെ എങ്ങനെയും അതിജീവിക്കുമെന്ന് പലകുറി മലയാളികള്‍ തെളിയിച്ചു. പരിമിത സാഹചര്യത്തിലും മനസറിഞ്ഞ് ആഘോഷിച്ചു. പ്രതീക്ഷയെന്ന ഒറ്റ വാക്കില്‍ ഊന്നി നല്ലൊരു വിഷുക്കാലത്തിനായി അവര്‍ ഒരുങ്ങുകയാണ്.
Adjust Story Font
16