Quantcast

'മരിക്കുന്നതിന്‍റെ തലേ ദിവസം അവള്‍ പറഞ്ഞത് പരീക്ഷാഫീസ് അടയ്ക്കണം, കുറച്ച് പൈസ വേണമെന്നാ': വിസ്മയ ആത്മഹത്യ ചെയ്തതല്ലെന്ന് അമ്മ

പഠനം, ജോലി തുടങ്ങിയ സ്വപ്നങ്ങളുമായി മകൾ മുന്നോട്ട് പോകുന്നതിനിടെയാണ് മരണ വാർത്ത വരുന്നതെന്ന് അമ്മ

MediaOne Logo

Web Desk

  • Updated:

    2021-06-22 05:13:26.0

Published:

22 Jun 2021 4:18 AM GMT

മരിക്കുന്നതിന്‍റെ തലേ ദിവസം അവള്‍ പറഞ്ഞത് പരീക്ഷാഫീസ് അടയ്ക്കണം, കുറച്ച് പൈസ വേണമെന്നാ: വിസ്മയ ആത്മഹത്യ ചെയ്തതല്ലെന്ന് അമ്മ
X

മകൾ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കുന്നില്ലെന്ന് വിസ്മയയുടെ അമ്മ സജിത. ഭർത്താവ് കിരൺ നിരന്തരം മർദിച്ചിരുന്നതായി വിസ്മയ അറിയിച്ചിരുന്നു. പഠനം, ജോലി തുടങ്ങിയ സ്വപനങ്ങളുമായി മകൾ മുന്നോട്ട് പോകുന്നതിനിടെയാണ് മരണ വാർത്ത വരുന്നത്. വിസ്മയയ്ക്ക് പഠിക്കാൻ പണം കിരൺ നൽകിയിരുന്നില്ലെന്നും അമ്മ മീഡിയവണിനോട് പറഞ്ഞു.

അമ്മ മീഡിയവണിനോട് പറഞ്ഞത്..

മരിക്കുന്നതിന്‍റെ അന്ന് ഉച്ചയ്ക്കും വിളിച്ചതാ. ഇടയ്ക്ക് വെച്ച് പ്രശ്നങ്ങളായിരുന്നു. അവള്‍ പറയും എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കണം. ഇവിടെ നിന്നാ നാട്ടുകാര് അതുമിതും പറയത്തില്ലേ എന്ന രീതിയില്‍. അതുകൊണ്ട് കിരണിനൊപ്പം പോകാന്‍ അവള്‍ തീരുമാനിച്ചു. അവള് ഒളിച്ചാണ് എന്നെ ഫോണ്‍ വിളിച്ചിരുന്നത്. ബാക്കി വീട്ടിലെല്ലാവരുടെയും നമ്പര്‍ അവന്‍ ബ്ലോക്ക് ചെയ്തിരുന്നു. കിരണിന്‍റെ കുടുംബത്തില്‍ ബാക്കിയുള്ളവര്‍ അധികം അടുക്കുന്ന കൂട്ടത്തിലായിരുന്നില്ല. അവിടെ അമ്മ മോന്‍റെ ഭാഗത്തായിരുന്നു. മോള്‍ പറഞ്ഞത് കഴിവതും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. പറ്റിയില്ലെങ്കി തിരിച്ചുവരുമെന്നാ.

മരിക്കുന്നതിന്‍റെ തലേ ദിവസം വിളിച്ചപ്പോള്‍ പറഞ്ഞത് പരീക്ഷാഫീസ് അടയ്ക്കണം, കുറച്ച് പൈസ വേണമെന്നാ. കിരണ്‍ തരില്ലേ മക്കളേന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. അപ്പോ ഞാന്‍ പൈസ ഇടാമെന്ന് പറഞ്ഞു. പിഎസ്‍സി പരീക്ഷ എഴുതണം. ബിഎഎംഎസ് ബാക്കി എഴുതി എടുക്കണം. എന്നിട്ട് ജോലി വാങ്ങിക്കണം. അപ്പോ എല്ലാവരും അംഗീകരിക്കുമല്ലോ എന്ന് പറഞ്ഞു. ഫാദേഴ്സ് ഡേയുടെ അന്ന് അച്ഛനെവിടെ, അച്ഛനോട് ആശംസ പറയണമെന്ന് പറഞ്ഞു. അവള്‍ വാട്സ് ആപ്പിലോ മറ്റോ അയച്ചപ്പോള്‍ അവന്‍ ഫോണ്‍ എടുത്തെറിഞ്ഞു.

അവന് ഭയങ്കര ദേഷ്യമാണ്. ഇതിലും നല്ല പെണ്ണിനെ കിട്ടുമായിരുന്നു, സ്വത്ത് കിട്ടുമായിരുന്നു എന്നൊക്കെ പറയുമായിരുന്നു. 80 പവനാ കല്യാണത്തിന് കൊടുത്തത്. ബാക്കി ഒരു വര്‍ഷത്തിനിനുള്ളില്‍ കൊടുക്കാമെന്ന് തീരുമാനിച്ചു. അവന്‍റെ സ്വഭാവം ഇങ്ങനെ ആയതുകൊണ്ട് താമസിപ്പിച്ചതാ. ഇനി ഒരു മക്കള്‍ക്കും ഇതുപോലെ അവസ്ഥ വരല്ലേ. നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കണം.

അച്ഛന്‍ പറഞ്ഞത്..

"ജനുവരിയിലാണ് വണ്ടിയെ ചൊല്ലിയുള്ള പ്രശ്നമുണ്ടായത്. കിരണ്‍ മദ്യപിച്ച് മകളുമായി വീട്ടിലേക്കുവന്നു. ഗേറ്റിന് മുന്‍പില്‍ വണ്ടി നിര്‍ത്തിയിട്ട് തുറക്കാന്‍ പറഞ്ഞു. രാത്രി ഒരു മണിക്കായിരുന്നു ഇത്. ഗേറ്റ് തുറന്നപ്പോള്‍ അവന്‍ എന്‍റെ മോളെ പിടിച്ചടിച്ചു. എന്‍റെ മോന്‍ ചെന്ന് അവനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ മോനെയും ആക്രമിച്ചു. ഉടനെ എസ്ഐയെ വിളിച്ചു. എസ്ഐയുമായും അവന്‍ പിടിവലി നടത്തി. എസ്ഐക്കും പരിക്കേറ്റു. അവനെ വിലങ്ങുവെച്ചു. സാര്‍ അവനെയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോള്‍ മദ്യപിച്ചെന്ന് തെളിഞ്ഞു. പിന്നീട് എങ്ങനെയെങ്കിലും മാപ്പ് കൊടുക്കണമെന്ന് പറഞ്ഞ് കാല് പിടിച്ചു. ഇനി അങ്ങനെയൊന്നുമുണ്ടാകില്ലെന്ന് എഴുതി ഒപ്പിട്ടുതന്നു. അതിനുശേഷം മോളെ ഞാന്‍ എന്‍റെ വീട്ടില്‍ത്തന്നെ നിര്‍ത്തി. മോള്‍ക്ക് പരീക്ഷ തുടങ്ങിയപ്പോള്‍ അവന്‍ കോളജില്‍ ചെന്നു. പരീക്ഷ കഴിഞ്ഞ് അന്ന് വൈകുന്നേരം മോള്‍ അമ്മയെ വിളിച്ച് അമ്മേ ഞാന്‍ കിരണിന്‍റെ വീട്ടില്‍ പോയെന്ന് അവള്‍ പറഞ്ഞു. ആലോചിച്ചാണോ ചെയ്തെ എന്ന് അമ്മ അവളോട് ചോദിച്ചു. വസ്ത്രമോ ബുക്കോ ഒന്നും എടുക്കാതെ പെട്ടെന്നാ പോയത്. പറ്റുന്നില്ലെങ്കി തിരിച്ചുവരാം എന്ന് അവള്‍ അമ്മയോട് പറഞ്ഞു. അതിനുശേഷം അവള്‍ വീട്ടിലേക്ക് വന്നിട്ടില്ല. പറയാതെ പോയതുകൊണ്ട് എന്നെ വിളിക്കാറുമില്ല. അമ്മയെ മാത്രം അവന്‍ ഡ്യൂട്ടിക്ക് പോകുമ്പോ വിളിക്കും. മോളെ പിന്നെ മര്‍ദിച്ചതൊന്നും അറിഞ്ഞില്ല. അന്ന് പോയതില്‍ പിന്നെ എന്‍റെ കുട്ടിയെ കാണാന്‍ പോലും പറ്റിയില്ല.

ഞാന്‍ പ്രവാസിയായിരുന്നു. 26 കൊല്ലം ഗള്‍ഫില്‍ കിടന്ന് അധ്വാനിക്കുകയായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നാ ആഗ്രഹിച്ചത്. എനിക്ക് പറ്റിയത് അവര്‍ക്ക് പറ്റരുത് എന്ന് കരുതി നല്ല വിദ്യാഭ്യാസം കൊടുത്തു. ഈ 25ന് കരയോഗം താലൂക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താനിരിക്കുകയായിരുന്നു. എന്തുചെയ്യണമെന്ന് മകള്‍ ചോദിച്ചപ്പോള്‍ ഇങ്ങനെയൊരാളെ വേണ്ട, അച്ഛനുണ്ടല്ലോ കുഴപ്പമൊന്നുമില്ല, പിന്നെ ചേട്ടന്‍ നോക്കും, നമുക്ക് വേറെ കല്യാണം നടത്താം എന്നെല്ലാം പറഞ്ഞതാണ്. ശരി അച്ഛാ എന്ന് മകള്‍ പറയുകയും ചെയ്തതാ. കൊലപാതകമാണ് നടന്നതെന്ന് എനിക്ക് ഉറപ്പാണ്. തൂങ്ങിമരിച്ചതിന്‍റെ ഒരു ലക്ഷണവുമില്ല. എന്‍റെ മകളെ കൊന്നതാണ്. എനിക്ക് നീതി കിട്ടണം. നീതി കിട്ടുമെന്ന വിശ്വാസമുണ്ട്. എന്‍റെ പാര്‍ട്ടിയില്‍ വിശ്വാസമുണ്ട്. എന്‍റെ സര്‍ക്കാരാണ്. അന്വേഷണ ഉദ്യോഗസ്ഥരും നല്ല സഹകരണമാണ്. അന്വേഷണത്തില്‍ ഇതുവരെ പാളിച്ചയില്ല".

TAGS :

Next Story