Quantcast

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ്‌ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഹൈക്കോടതി വിധി മാനിക്കുമെന്നും അതേസമയം തന്നെ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-09-01 09:37:08.0

Published:

1 Sep 2022 9:05 AM GMT

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ്‌  സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
X

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. തുറമുഖനിര്‍മാണം നിർത്തിവെക്കാനാകില്ലെന്ന നിലപാടാണ് സർക്കാറും കോടതിയിൽ സ്വീകരിച്ചത് .

ക്രമസമാധാനം സംസ്ഥാന പൊലീസിന് സാധിച്ചില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നാണ് കോടതി ഉത്തരവ്. തുറമുഖനിർമാണ പ്രദേശത്ത് സമരക്കാർ അതിക്രമിച്ച് കടക്കരുത്,പ്രതിഷേധങ്ങളുണ്ടെങ്കിൽ അത് സമാധാനപരമായിരിക്കണം, സർക്കാരിന്റെ പദ്ധതിക്ക് തടസ്സം നിൽക്കാൻ പാടില്ല എന്നുമാണ് കോടതിയുടെ നിർദേശം.

അതേസമയം ഹൈക്കോടതി വിധി മാനിക്കുമെന്നും അതേസമയം തന്നെ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു. തുറമുഖനിർമാണം ഇതുവരെ തടസ്സപ്പെടുത്തിയിട്ടില്ലെന്നും സമരസമിതി പറഞ്ഞു.

"സമരക്കാർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ട് .സമരം കാരണം തുറമുഖത്തിന്റെ നിർമാണം തടസ്സപ്പെടുന്നുവെന്ന അദാനി ഗ്രൂപ്പിന്റെ വാദം കള്ളമാണ് .അന്തിമ വിധിയിൽ ആണ് പ്രതീക്ഷ". സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര പറഞ്ഞു.

അദാനി ഗ്രൂപ്പും നിർമാണ കമ്പനിയുമാണ് തുറമുഖനിർമാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.തുറമുഖപദ്ധതിയുടെ എൺപത് ശതമാനത്തോളം പണികൾ പൂർത്തിയായെന്നും ഒരു മത്സ്യത്തൊഴിലാളി കുടുംബത്തെ പോലും ഒഴിപ്പിച്ചിട്ടില്ല എന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചിരുന്നു.

സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി സമരം ചെയ്യുന്നതിനാൽ കഠിന നടപടികളെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കോടതിയിൽ സർക്കാരിന്റെ വാദം.

നേരത്തേ സർക്കാരിന്റെ പുനരധിവാസ പാക്കേജ് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് സമരവുമായി മുന്നോട്ടു പോകുമെന്ന് ലത്തീൻ അതിരൂപത അറിയിച്ചിരുന്നു. വാടകയടക്കമുള്ള മന്ത്രിസഭാ തീരുമാനങ്ങളെല്ലാം അപര്യാപ്തമാണെന്ന നിലപാടിലാണ് സമര സമിതി. കോടതി വിധി എതിരാണെങ്കിൽ അംഗീകരിക്കില്ലെന്ന് കൂടി സഭാ നേതൃത്വം പ്രഖ്യാപിച്ചതോടെ സമരം എങ്ങനെ ഒത്തുതീർക്കുമെന്ന കാര്യത്തിൽ സർക്കാരിനും ആശയക്കുഴപ്പമുണ്ട്. പുനരധിവാസം വേഗത്തിലാക്കാമെന്നാണ് സർക്കാരിന്റെ ഉറപ്പ്.

TAGS :

Next Story