'വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നൽകാൻ ഇടപെടണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡമനുസരിച്ച് പണം ഒറ്റത്തവണ ഗ്രാന്റ് ആയാണ് നൽകേണ്ടത്
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്ര നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നൽകാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. തൂത്തുക്കുടിക്ക് കിട്ടിയ അതേപരിഗണന വിഴിഞ്ഞത്തിനും നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. തൂത്തുക്കുടി തുറമുഖത്തിന് വിജിഎഫ് ഗ്രാന്റ് ആയാണ് കേന്ദ്രം നൽകിയത്.
വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡമനുസരിച്ച് പണം ഒറ്റത്തവണ ഗ്രാന്റ് ആയാണ് നൽകേണ്ടത്. വായ്പയായി പരിഗണിക്കാറില്ല. ഈ പശ്ചാത്തലത്തിൽ വിജിഎഫ് ഗ്രാന്റിന്റെ പൊതുനയത്തിൽ കേന്ദ്രം മാറ്റം വരുത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
817 കോടി രൂപയാണ് വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം അനുവദിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി അനുവദിച്ച വിജിഎഫ് പലയിരട്ടിയായി തിരിച്ചടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നുവെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം രേഖാമൂലം കേന്ദ്രം കേരളത്തെ അറിയിച്ചിട്ടുണ്ട്. തുടർന്ന് ധനമന്ത്രാലയത്തിനോടടക്കം പണം വായ്പയായി നൽകരുത്, ഗ്രാന്റ് ആയി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
Adjust Story Font
16