''കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല'': മീഡിയവൺ വിലക്കിനെതിരെ വി.എം സുധീരൻ
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കേന്ദ്ര സർക്കാർ നടപടിക്കെതിരായ അദ്ദേഹത്തിന്റെ പരാമർശം
മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ. കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ ശൈലി അംഗീകരിക്കാനാവുന്നതല്ലെന്ന് വി.എം സുധീരൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കേന്ദ്ര സർക്കാർ നടപടിക്കെതിരായ അദ്ദേഹത്തിന്റെ പരാമർശം. സിപിഎം നേതാവ് എ.വിജയരാഘവൻ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
നീതിക്ക് നിരക്കാത്ത നടപടി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു. മീഡിയവണിന് വിലക്കേർപ്പെടുത്തുമ്പോൾ നമ്മുടെ മനസ് അസ്വസ്ഥമാകുന്നു എന്നാണ് സിപിഎം നേതാവ് എ. വിജയരാഘവൻ പറഞ്ഞത്. മീഡിയവണിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ബഹുസ്വര സമൂഹത്തിന് കളങ്കമുണ്ടാക്കുന്നതാണെന്നും അറിയാത്ത കാരണങ്ങളാൽ നടപടി വരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വിമർശിക്കുന്ന മറ്റു മാധ്യമങ്ങൾക്കെതിരെയും സമാനമായ നടപടി സ്വീകരിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാധ്യമ മേഖലയിൽ സ്വാതന്ത്ര്യം നിലനിൽക്കണമെന്നും ചാനൽ വിലക്കിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ജനാധിപത്യത്തിന്റെ ചിറകരിയുന്ന നടപടിയാണ് സ്വീകരിച്ചതെന്നും ഇത് അനുവദുിക്കാനാവില്ലെന്നും സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മീഡിയവണിനെതിരായ കുറ്റമെന്താണെന്ന് കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല, ഇത് മര്യാദകെട്ട നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്രപ്രവർത്തകർക്കൊപ്പം സിപിഐ എല്ലാകാലത്തും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
Adjust Story Font
16