സഹകരണ സംഘങ്ങളുടെ പേരിൽ 'ബാങ്ക്': ഉത്തരവിന് സ്റ്റേ വാങ്ങിയതായി മന്ത്രി വി.എൻ വാസവൻ
സഹകരണ സംഘങ്ങൾ പേരിൽ 'ബാങ്ക്' എന്ന് ചേർക്കുന്നതിനെതിരെ റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മറുപടി
തിരുവനന്തപുരം: സഹകരണ സംഘങ്ങൾ പേരിൽ 'ബാങ്ക്' എന്ന് ചേർക്കുന്നതിനെതിരെ റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ മറുപടിയുമായി സഹകരണ മന്ത്രി വി.എൻ വാസവൻ. ബാങ്ക് എന്ന് ചേർക്കരുതെന്ന വിജ്ഞാപനത്തിന് സ്റ്റേ വാങ്ങിയിരുന്നതായാണ് വി.എൻ വാസവൻ മറുപടി നൽകിയത്. സഹകരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമാണ് ആർബിഐ ജാഗ്രതാ നിർദേശമെന്നാണ് സംസ്ഥാന സർക്കാർ വിലയിരുത്തൽ.
മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് ആർബിഐയുടെ ജാഗ്രതാ നിർദേശം നൽകിയത്. ബാങ്കിംഗ് റെഗുലേഷൻ നിയമം ചില സഹകരണ സംഘങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ജാഗ്രതാ നിർദേശമെന്നാണ് വിശദീകരണം. നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവില്ലെന്നും ആർ.ബി ഐ യുടെ ജാഗ്രത നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചില സഹകരണ സംഘങ്ങൾ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ സെക്ഷൻ 7 ലംഘിച്ച് ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നുവെന്നാണ് ആർ.ബി.ഐയുടെ വാദം. ചില സഹകരണ സംഘങ്ങൾ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും ആർബിഐയുടെ മുന്നറിയിപ്പ് നൽകി. ഇടപാടുകാർ ബാങ്കിംഗ് ലൈസൻസ് ഉണ്ടോയെന്ന് ഉറപ്പാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16