Quantcast

'എന്തിനാണ് മുസ്‍ലിം ആരാധനാലയങ്ങൾക്ക് മാത്രമായി കേരള പൊലീസിന്‍റെ ഇങ്ങനെയൊരു ഇണ്ടാസ്?': മുസ്‍ലിം പള്ളികള്‍ക്ക് പൊലീസ് നല്‍കിയ മുന്നറിയിപ്പ് നോട്ടീസില്‍ വി.ടി ബല്‍റാം

'ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്‍റെ പൊലീസ് തയ്യാറാകുമോ?'

MediaOne Logo

ijas

  • Updated:

    2022-06-15 04:04:58.0

Published:

15 Jun 2022 3:53 AM GMT

എന്തിനാണ് മുസ്‍ലിം ആരാധനാലയങ്ങൾക്ക് മാത്രമായി കേരള പൊലീസിന്‍റെ ഇങ്ങനെയൊരു ഇണ്ടാസ്?: മുസ്‍ലിം പള്ളികള്‍ക്ക് പൊലീസ് നല്‍കിയ മുന്നറിയിപ്പ് നോട്ടീസില്‍ വി.ടി ബല്‍റാം
X

കണ്ണൂര്‍: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്കാരത്തിനു ശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്ന പൊലീസ് നോട്ടീസിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. എന്തിനാണ് മുസ്‍ലിം ആരാധനാലയങ്ങൾക്ക് മാത്രമായി കേരള പൊലീസിന്‍റെ ഇങ്ങനെയൊരു ഇണ്ടാസ് എന്നു ചോദിച്ച ബല്‍റാം ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്‍റെ പൊലീസ് തയ്യാറാകുമോയെന്നും ചോദിച്ചു.

കേരളത്തിൽ ഈയടുത്ത കാലത്ത് എപ്പോഴെങ്കിലും ഏതെങ്കിലും മുസ്‍ലിം പള്ളികളിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം "സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങൾ" നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ. പെട്ടെന്ന് ഓർമ്മയിൽ വരുന്നില്ല. എന്നാൽ പി.സി.ജോർജിനെ വെണ്ണലയിലെ ക്ഷേത്ര കമ്മിറ്റി ആദരിച്ച് ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിച്ച കാര്യം കേരളം ഈയിടെ ചർച്ച ചെയ്തതാണ്. ആ പ്രസംഗത്തിലെ ഉള്ളടക്കം എത്രത്തോളം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു എന്നത് ഇവിടത്തെ നിയമ സംവിധാനത്തിനുമറിയാം. അങ്ങനെയെടുത്ത കേസിൽ ജോർജിനെ ജാമ്യത്തിലെടുത്തതും ഇതേ ക്ഷേത്ര കമ്മിറ്റിക്കാർ തന്നെയായിരുന്നു എന്നും വാർത്തകളുണ്ടായിരുന്നു. അതായത് ജോർജിന്‍റെ പ്രസംഗത്തെ സംഘാടകർ ശരിവയ്ക്കുന്നു എന്നർത്ഥം. നാർക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങൾക്കും വേദിയായത് ആരാധനാലയങ്ങൾ തന്നെയാണ്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിൽ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധിയായ മന്ത്രിയെന്നും വി.ടി ബല്‍റാം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി.ടി ബല്‍റാം പൊലീസ് നോട്ടീസിനെതിരെ ആഞ്ഞടിച്ചത്.

കണ്ണൂർ ജില്ലയിലാണ് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ പള്ളികളിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള പ്രഭാഷണങ്ങളുണ്ടായാൽ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിലെ മയ്യിൽ പൊലിസ് സ്റ്റേഷനു കീഴിലുള്ള വിവിധ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്കാണു കഴിഞ്ഞ ദിവസം ഇൻസ്പെക്ടറുടെ സീൽ പതിച്ച നോട്ടീസ് ലഭിച്ചത്. പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് അറിയിപ്പെന്നാണ് നോട്ടീസിലുള്ളത്. ജുമുഅ നമസ്‌കാരത്തിനുശേഷം നിലവിലുള്ള സാമുദായിക സൗഹാർദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പ്രഭാഷണങ്ങൾ നടത്താൻ പാടില്ല. അങ്ങനെ സംഭവിച്ചതായി വിവരം ലഭിച്ചാൽ അത്തരം വ്യക്തികളുടെ പേരിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

കേരളത്തിൽ ഈയടുത്ത കാലത്ത് എപ്പോഴെങ്കിലും ഏതെങ്കിലും മുസ്‍ലിം പള്ളികളിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം "സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങൾ" നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ?

പെട്ടെന്ന് ഓർമ്മയിൽ വരുന്നില്ല.

എന്നാൽ പി.സി.ജോർജിനെ വെണ്ണലയിലെ ക്ഷേത്ര കമ്മിറ്റി ആദരിച്ച് ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിച്ച കാര്യം കേരളം ഈയിടെ ചർച്ച ചെയ്തതാണ്. ആ പ്രസംഗത്തിലെ കണ്ടന്റ് എത്രത്തോളം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു എന്നത് ഇവിടത്തെ നിയമ സംവിധാനത്തിനുമറിയാം. അങ്ങനെയെടുത്ത കേസിൽ ജോർജിനെ ജാമ്യത്തിലെടുത്തതും ഇതേ ക്ഷേത്ര കമ്മിറ്റിക്കാർ തന്നെയായിരുന്നു എന്നും വാർത്തകളുണ്ടായിരുന്നു. അതായത് ജോർജിന്‍റെ പ്രസംഗത്തെ സംഘാടകർ ശരിവയ്ക്കുന്നു എന്നർത്ഥം.

നാർക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങൾക്കും വേദിയായത് ആരാധനാലയങ്ങൾ തന്നെയാണ്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിൽ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധിയായ മന്ത്രി.

പിന്നെന്തിനാണ് മുസ്‍ലിം ആരാധനാലയങ്ങൾക്ക് മാത്രമായി കേരള പൊലീസിന്‍റെ ഇങ്ങനെയൊരു ഇണ്ടാസ്? ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്റെ പൊലീസ് തയ്യാറാകുമോ?

TAGS :

Next Story