Quantcast

തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിലെ സാമ്പത്തിക തിരിമറി ആരോപണം തള്ളി വഖഫ് ബോർഡ്

2013 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിൽ 4.81 കോടിയുടെ തിരിമറി നടന്നുവെന്നായിരുന്നു ആരോപണം.എന്നാൽ കേരള വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസ് നടത്തിയ പരിശോധന റിപ്പോർട്ട് ഈ ആരോപണങ്ങൾ പൂർണമായും തള്ളുകയാണ്.

MediaOne Logo

Web Desk

  • Published:

    19 Jan 2022 1:50 AM GMT

തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിലെ സാമ്പത്തിക തിരിമറി ആരോപണം തള്ളി വഖഫ് ബോർഡ്
X

കണ്ണൂർ തളിപ്പറമ്പ് ജുമഅത്ത് പള്ളി കമ്മിറ്റി ട്രസ്റ്റിനും സീതി സാഹിബ് സ്‌കൂളിനുമെതിരെ ഉയർന്ന സാമ്പത്തിക തിരിമറി ആരോപണത്തിൽ കഴമ്പില്ലന്ന് അന്വേഷണ റിപ്പോർട്ട്. വഖഫ് ബോർഡ് നടത്തിയ അന്വേഷണത്തിലാണ് ആരോപണങ്ങൾ തള്ളിയത്.കമ്മിറ്റി 4.81 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു സി.പി.എം അടക്കമുള്ളവരുടെ ആരോപണം. അതേസമയം പള്ളിയുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാൻ നടപടി വേണമെന്ന് റിപ്പോർട്ടിൽ ശിപാർശയുണ്ട്.

2013 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിൽ 4.81 കോടിയുടെ തിരിമറി നടന്നുവെന്നായിരുന്നു ആരോപണം.എന്നാൽ കേരള വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസ് നടത്തിയ പരിശോധന റിപ്പോർട്ട് ഈ ആരോപണങ്ങൾ പൂർണമായും തള്ളുകയാണ്. ആരോപണമുയർന്ന കാലത്തെ കണക്കുകളും അനുബന്ധ രേഖകളും സംഘം വിശദമായി പരിശോധിച്ചു. സ്‌കൂളിന്റെ കെട്ടിട നിർമ്മാണത്തിനും വസ്തു വകകൾ വാങ്ങിയ വകയിലുമായി 2.39 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. ഏഴു വർഷത്തെ ഡേ ബുക്ക് ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ പരിശോധിച്ചതിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലന്നും റിപ്പോർട്ടിൽ പറയുന്നു. ലീഗ് നിയത്രണത്തിലുള്ള സ്‌കൂളിനെ തകർക്കാൻ നടത്തിയ ചിലർ നടത്തിയ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് റിപ്പോർട്ട് എന്ന് ഭരണ സമിതി പറഞ്ഞു.

എന്നാൽ ജുമാഅത്ത് പള്ളിയുടെ സ്വത്ത് വകകൾ അന്യാധീനപെട്ടെന്ന ആരോപണം അന്വേഷണ കമ്മീഷൻ തള്ളുന്നില്ല. വഖഫ് സ്വത്തിൽ ആകെ ഉണ്ടായിരുന്ന 339.17 ഏക്കറിൽ 82.727 ഏക്കർ മാത്രമാണ് നിലവിൽ കമ്മിറ്റിയുടെ കൈവശമുള്ളതെന്നാണ് കണ്ടെത്തൽ. അന്യാധീനപ്പെട്ട വസ്തുക്കൾ തിരിച്ചുപിടിക്കുന്നതിന് നിയമ നടപടികൾ സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. തളിപ്പറമ്പ് മാർക്കറ്റിലെ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിലും വഖഫ് ബോർഡ് പരിശോധന നടത്തി.


TAGS :

Next Story