ബാർബർ സമൂഹത്തിന് വിലക്ക്; പുതൂർപള്ളി കമ്മിറ്റി തീരുമാനത്തിന് വഖഫ് ബോർഡിന്റെ സ്റ്റേ
ഒരാളെയും ദീനീപരമായ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തിയിട്ടില്ലെന്നു കമ്മിറ്റി പറഞ്ഞിരുന്നു
കോട്ടയം: പള്ളി കമ്മിറ്റിയിൽ അംഗത്വം എടുക്കുന്നതിനും യോഗങ്ങളിൽ പങ്കെടുക്കുന്നതിനും ബാർബർ സമൂഹത്തിന് വിലക്കേർപ്പെടുത്തിയ ചങ്ങനാശ്ശേരി പുതൂർപള്ളി കമ്മിറ്റി തീരുമാനത്തിന് സ്റ്റേ നൽകി വഖഫ് ബോർഡ്. കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ജുഡീഷ്യൽ സമിതി യോഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്‌ലിം ഈക്വാലിറ്റി എംപവർ മൂവ്‌മെന്റ് (മീം) നൽകിയ ഹരജിയിലാണ് ഉത്തരവ്. വിഷയത്തിൽ മറുപടി നൽകുന്നതിന് മറ്റ് മുസ്‌ലിം സംഘടനകൾക്കും ബോർഡ് നോട്ടീസ് നൽകി.
പുതൂർ മുസ്ലിം ജമാഅത്തിൽ വിവേചനമുള്ളതായി ജൂലൈ ആദ്യത്തിലാണ് പരാതിയുയർന്നത്. ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനമില്ലെന്നും പൊതുയോഗത്തിൽ പങ്കെടുത്ത തനിക്ക് നോട്ടീസ് നൽകിയെന്നും നാട്ടുകാരനായ അനീഷ് സാലി പരാതിപ്പെട്ടിരുന്നു. പൂർവികരുടെ പാരമ്പര്യം തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാർബർ വിഭാഗത്തിൽപ്പെട്ട അനീഷിന് നോട്ടീസ് നൽകിയത്. എന്നാൽ ഭരണഘടനാ പ്രകാരമാണ് നോട്ടീസ് നൽകിയതെന്നാണ് മഹല്ല് ഭാരവാഹികൾ പറഞ്ഞിരുന്നത്.
നൂറ്റാണ്ട് പഴക്കമുള്ള മഹല്ലിൽ ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് അംഗത്വമടക്കം നൽകില്ലെന്നും ഇക്കാര്യം ഇവരുടെ പൂർവികർ എഴുതി നൽകിയതാണെന്നുമാണ് പള്ളി ഭാരവാഹികളുടെ ന്യായം. എല്ലാവരെയും ഉൾകൊള്ളണമെങ്കിൽ പള്ളി ഭരണഘടന ഭേദഗതി ചെയ്യണമെന്നും അതിനുള്ള ശ്രമം ആരംഭിച്ചെന്നും ഭാരവാഹികൾ പറഞ്ഞിരുന്നു.
ഒരാളെയും ദീനീപരമായ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തിയിട്ടില്ല. പുതൂർപ്പള്ളി ജമാഅത്തുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുസ്ലിം ജനവിഭാഗങ്ങൾക്ക് മതചടങ്ങുകളിൽ പങ്കെടുക്കാൻ തടസമില്ലെന്നും ജമാഅത്ത് പ്രസിഡന്റ് പി.എസ് മുഹമ്മദ് ബഷീർ, സെക്രട്ടറി എം.എച്ച്.എം ഹനീഫ എന്നിവർ പറഞ്ഞിരുന്നു. ആദ്യകാല നിയമാവലി തയ്യാറാക്കുന്ന കാലത്ത് ലബ്ബമാർ, മുദ്ദീൻ, ഒസ്താമാർ എന്നിവർ ജമാഅത്തിൽ നിന്ന് വേതനം കൈപ്പറ്റുന്ന ജീവനക്കാരായാണ് പരിഗണിച്ചിരുന്നത്. അതുകൊണ്ടാണ് ജമാഅത്ത് കമ്മിറ്റിയിലും പൊതുയോഗത്തിലും ഉൾപ്പെടാൻ കഴിയില്ലെന്ന വകുപ്പ് ഉൾക്കൊള്ളിച്ചിരുന്നത്. 1995ൽ നിയമാവലി ഭേദഗതി ചെയ്തപ്പോഴും ഇവർക്ക് കൂടി അംഗത്വവും വോട്ടവകാശവും നൽകണമെന്ന് ആവശ്യമുയർന്നിട്ടില്ലെന്നാണ് രേഖകളിൽനിന്ന് മനസ്സിലാകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ജമാഅത്തിന്റെ പരമാധികാര സഭയായ പൊതുയോഗത്തിൽ പതിവിന് വിപരീതമായി അംഗത്വമോ വോട്ടവകാശമോ ഇല്ലാത്ത ഒരു വ്യക്തി പ്രവേശിച്ച് ഹാജർ രേഖപ്പെടുത്തിയാൽ പൊതുയോഗ നടപടികൾ റദ്ദാക്കപ്പെടും. അത്തരത്തിൽ പ്രവേശിച്ച വ്യക്തിക്ക് സെക്രട്ടറി നൽകിയ കത്താണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും കമ്മിറ്റിയംഗങ്ങൾ പറഞ്ഞിരുന്നു.
നിയമാവലിയിൽ മാറ്റം വരുത്തി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി മുന്നോട്ടുപോകാനുള്ള പ്രവർത്തനങ്ങൾ 51 അംഗ നിയമാവലി കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നീതീകരിക്കാനാവാത്തതാണെന്നും ഭാരവാഹികൾ പറഞ്ഞു. ജമാഅത്ത് കമ്മിറ്റിയുടെ പൊതുയോഗത്തിൽ പങ്കെടുത്തതിന് വ്യക്തിക്ക് അത് മഹല്ലിന്റെ നിയമാവലിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റി നൽകിയ കത്ത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാരവാഹികൾ വിശദീകരണവുമായി രംഗത്തെത്തിയിരുന്നത്.
Waqf Board's stay on Puthurpally Committee decision banning Barbar community
Adjust Story Font
16