മുണ്ടക്കൈ ദുരന്തം; 'കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല; രാഷ്ട്രീയം കളിക്കുന്നത് ദുഃഖകരം'; പ്രിയങ്ക ഗാന്ധി
യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരായ പൊലീസ് നടത്തിയ ലാത്തിചാർജിൽ വിമർശനവുമായി വയനാട് എംപി
കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ വിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിക്ക് താൻ കത്തെഴുതും, അതാവശ്യപ്പെട്ട യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് ചെയ്തു. എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത് അതിൽ ആരും രാഷ്ട്രീയം കാണരുത്. ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു, രാഷട്രീയത്തിലും ഈ യോജിപ്പ് കാണിക്കണമെന്ന് പ്രിയങ്ക പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദർശിച്ചിട്ടുണ്ട്. ആ മനുഷ്യരുടെ മുഖം ഓർക്കണമെന്ന് രണ്ടുപേരോടും താൻ അഭ്യർഥിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ താൻ പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Adjust Story Font
16